കോഴിക്കോട് : പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു (Student hit by train died in Kozhikode). കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ (16) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിയോടെ ആയിരുന്നു അപകടം. വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം നടന്നത്.
കൂട്ടുകാർക്കൊപ്പം കോഴിക്കോട് ബീച്ചിൽ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു ആദിൽ. രണ്ട് സ്‌കൂട്ടറുകളിൽ ആയി നാലുപേർ ഉണ്ടായിരുന്നു. ബീച്ചിൽ നിന്നും മടങ്ങുകയായിരുന്ന ഇവർ വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ട്രെയിൻ ട്രാക്കിലൂടെ എത്തിയത്.
ആദിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സുഹൃത്ത് ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. പുതുവത്സരാഘോഷത്തിന്‍റെ തിരക്ക് കാരണം മെയിൻ റോഡുകളിൽ വലിയ തിരക്കായതിനാലാണ് ഇവർ ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്കിലൂടെ പോയതെന്നാണ് വിവരം.
ഇടിയുടെ ആഘാതത്തിൽ ആദിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രെയിനിന്‍റെ എഞ്ചിനിൽ കുടുങ്ങി. വെള്ളയിൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത് വരെ ഏകദേശം നൂറ് മീറ്ററോളം ബൈക്ക് വലിച്ചിഴയ്ക്കപ്പെട്ടു. എറണാകുളം -ലോകമാന്യതിലക് തുരന്തോ എക്‌സ്‌പ്രസ് ആണ് ഇടിച്ചത്. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരത്ത് ബൈക്കപകടം: പുതുവര്‍ഷാഘോഷത്തിന് ശേഷം മടങ്ങുന്നതിനിടെ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. രാത്രി 12 മണിക്ക് ശേഷം തിരുവനന്തപുരത്തെ തിരുവല്ലം കല്ലുമൂട് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെയ്‌ദലി(22), ഷിബിന്‍ (26) എന്നിവരാണ് മരിച്ചത്.
എതിരെ വരികയായിരുന്ന ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ ഇരുവരെയും ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.