കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതൽ പ്രക്ഷോഭത്തിന് ഒരുങ്ങി മുസ്ലിം യൂത്ത് ലീഗ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി, ജനുവരി 18ന് സെക്രട്ടേറിയറ്റില്‍ നടത്തിയ 'സേവ് കേരള' മാർച്ചിന്‍റെ ഭാഗമായി ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉൾപ്പെടെ 20 പേരെ പൊലീസ് കള്ള കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലിൽ അടച്ചു എന്നാരോപിച്ചാണ് യൂത്ത് ലീഗ് വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. പി കെ ഫിറോസിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച എല്ലാ എസ്‌പി ഓഫിസുകളിലേയ്‌ക്കും മാർച്ചും ധർണയും നടത്തുമെന്നും യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ, പി ഇസ്‌മായിൽ കോഴിക്കോട് വ്യക്തമാക്കി.
'കേന്ദ്രത്തിൽ നരേന്ദ്രമോദി ചെയ്യുന്ന ഇതേ കാര്യം തന്നെയാണ് കേരളത്തിൽ പിണറായിയും നടപ്പിലാക്കുന്നത്. സമരത്തിൽ പരിക്കേറ്റവര്‍ക്ക് സഹായങ്ങൾ ചെയ്‌തുകൊടുത്തുകൊണ്ട് ആശുപത്രി പരിസരത്തും മറ്റും ഉണ്ടായിരുന്ന പി കെ ഫിറോസിനെ അറസ്റ്റ് ചെയ്‌തത് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇടത് സർക്കാരിന്‍റെ വേട്ടയിൽ പ്രതിഷേധിച്ചാണ് ഈ മാസം 27ന് എസ്‌പി ഓഫിസുകൾക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധ ധർമ്മം നടത്താൻ തീരുമാനിച്ചിരിക്കുന്നത്' എന്നും മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റ് ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്രസർക്കാർ നീക്കം ചെയ്യുന്ന 'ഇന്ത്യ- ദി മോദി ക്വസ്‌റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡല തലത്തില്‍ പ്രദർശിപ്പിക്കും എന്നും യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.