കോഴിക്കോട്: കോഴിക്കോട് സോളാർ കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ശിക്ഷാ വിധി ഉച്ചയ്‌ക്ക് ശേഷം പ്രസ്‌താവിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു.
കോഴിക്കോട് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കസബ പൊലീസ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്‌റ്റ് ചെയ്‌തിരുന്നു. സോളാർ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല. കോഴിക്കോട് സ്വദേശിയും സ്വകാര്യ വ്യവസായിയുമായ അബ്‌ദുൾ മജീദിൽ നിന്ന് 42, 70,000 രൂപ സരിതയും ബിജു രാധാകൃഷ്‌ണനും ചേർന്ന് തട്ടിയെടുത്തു എന്നാണ് കേസ്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ഒന്നാണിത്.
മാർച്ച് 23ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത എസ് നായർ ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാറ്റി വയ്‌ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് കോടതി ശിക്ഷാ വിധി പ്രഖ്യാപിക്കും.