കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഷിഗല്ല രോഗം വീണ്ടും റിപ്പോർട്ട് ചെയ്‌തു. കോഴിക്കോട് പുതിയാപ്പ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിലെ എരഞ്ഞിക്കലിൽ ഏഴ് വയസുകാരിയിലാണ് ഷിഗല്ല ബാക്‌ടീരിയ സ്ഥിരീകരിച്ചത്. എന്നാൽ രോഗവ്യാപനം ഇല്ലെന്ന് ആരോഗ്യവിദഗ്‌ധർ അറിയിച്ചു.
ഇന്നലെയാണ് (ഏപ്രിൽ 27) രോഗം റിപ്പോർട്ട് ചെയ്‌തത്. വയറിളക്കമടക്കമുള്ള അസുഖങ്ങൾ കാരണം കുട്ടി പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. ബുധനാഴ്‌ച ഫലം വന്നപ്പോഴാണ് ഷിഗല്ല കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ മാസം 16ന് ചികിത്സ കഴിഞ്ഞ കുട്ടി വീട്ടിൽ വിശ്രമത്തിലാണ്. മറ്റൊരു കുട്ടിക്ക് കൂടി രോഗലക്ഷണം ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് 500ഓളം പേർ പങ്കെടുത്ത വിരുന്നിൽ പങ്കെടുത്തവരാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും ലക്ഷണമുള്ള കുട്ടിയും. രോഗബാധ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ എരഞ്ഞിക്കൽ മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. 2020 ഡിസംബറിൽ കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗല്ല രോഗം ബാധിച്ച് മരിച്ചിരുന്നു.
എന്താണ് ഷിഗല്ല: ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്‌ടീരിയകളാണ് ഷിഗല്ല രോഗത്തിന് കാരണമാകുന്നത്. മലിനജലത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും പകരുന്ന ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണം വയറിളക്കമാണ്. കൂടാതെ പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയും മറ്റ് രോഗ ലക്ഷണങ്ങളാണ്.
ഷിഗല്ല ബാക്‌ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് വയറിളക്കമുണ്ടാകുമ്പോൾ രക്തം പോകുന്നത്. പനി, രക്തം കലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്.
ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം 'ഷോക്ക്' എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്.