കോഴിക്കോട്: ലോക്ക് ഡൗണ്‍ കാലത്ത് തോണി നിര്‍മിച്ച് ശ്രദ്ധ നേടുകയാണ് മാവൂർ കുറ്റിക്കടവിൽ ടി.വി.എം ഷാഫി. പുഴയോട് ചേര്‍ന്നാണ് ഷാഫിയുടെ വീട്. അതിനാല്‍ തന്നെ കഴിഞ്ഞ രണ്ട് പ്രളയ കാലത്തും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതൊടെയാണ് വീട്ടില്‍ തോണി എന്ന ആശയം ഉദിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് തോണി നിര്‍മാണം ആരംഭിച്ചു. 5,000 രൂപയാണ് നിര്‍മാണ ചെലവെന്നും ഷാഫി പറയുന്നു. മൂന്ന് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് തോണി നിര്‍മാണം.
തോണി കൂടാതെ കൃഷി, ഏറുമാടം നിര്‍മാണം, ചെടിച്ചട്ടി നിര്‍മാണം തുടങ്ങി എല്ലാ മേഖലയിലും അദ്ദേഹം കൈവച്ചിട്ടുണ്ട്. ചെറുപ്പ കാലത്ത് പരസഹായമില്ലാതെ തയ്യല്‍ പഠിച്ച ഷാഫി ഈ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് മലബാർ ഗ്രൂപ്പിന്‍റെ കുറ്റിക്കാട്ടൂർ ഓഫീസ് ജീവനക്കാരനായ ഷാഫിയുടെ കലാവിരുതകള്‍ക്ക് പിന്തുണയുമായി ഭാര്യ ഷഹർബാനുവും കൂടെയുണ്ട്.