കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഷബ്‌നയുടെ ബന്ധുക്കൾ. ഭർതൃ വീട്ടിലെ പീഡനത്തിന്‍റെ തെളിവുകൾ നൽകിയിട്ടും ഷബ്‌നയുടെ ഭർത്താവിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല എന്നാണ് പരാതി.
പണവും രാഷ്‌ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി കേസ് അട്ടിമറിക്കുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഷബ്‌നയെ മർദിക്കുന്ന സിസിടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും യുവതിയുടെ കുടുംബം തന്നെയാണ് നൽകിയത്. പൊലീസ് പുതിയ തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോപിച്ച കുടുംബം, ദൃക്‌സാക്ഷിയായ മകൾ നൽകിയ മൊഴിയും ഗൗരവമായി കണ്ടില്ലെന്ന് ആക്ഷേപം ഉയർത്തുന്നുണ്ട്.
ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ഷബ്‌നയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ അമ്മാവൻ ഹനീഫയാണ് നിലവിൽ അറസ്റ്റിലായത്. ഹനീഫ ഷബ്‌നയെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഷബ്‌ന ആത്മഹത്യ ചെയ്‌തത്.
ഹനീഫയെ ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകല്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ മറ്റ് ബന്ധുക്കൾക്കെതിരെ തെളിവ് ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യക്ക് തൊട്ട് മുമ്പ് ഉണ്ടായ വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങളിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ല എന്നാണ് പൊലീസ് ഭാഷ്യം.