കോഴിക്കോട്: എസ്.എഫ്.ഐ. ഗുണ്ടകളുടെ സംഘടനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോഴിക്കോട് നഗരത്തില്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം ഞാന്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഒരാള്‍പോലും വരാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. തനിക്കെതിരെ സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് സുരക്ഷയില്‍ മുഖ്യമന്ത്രിയാണ് അയക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു(Sfi VS Kerala Governor Calicut University Campus).
'അവര്‍ ഗുണ്ടകളാണ്. അവര്‍ വിദ്യാര്‍ഥികളല്ല. എസ്.എഫ്.ഐയില്‍ മാത്രമാണോ വിദ്യാര്‍ഥികള്‍ ഉള്ളത്', ഗവർണർ ചോദിച്ചു. എസ്.എഫ്.ഐ. ഗുണ്ടകളുടെ സംഘടനയാണ്. ഇതാണ് അവര്‍ ചെയ്തുകൊണ്ടിക്കുന്നത്. അവരത് തുടരട്ടെ. ക്രിമിനലുകളും കൊലപാതകികളും അങ്ങനെയാണ്. അതിലെന്താണ് പ്രത്യേകതയെന്നും അദ്ദേഹം ചോദിച്ചു.
എസ്.എഫ്.ഐയുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ ഉദ്ഘാടകനായ സെമിനാറില്‍ വൈസ് ചാന്‍സലര്‍ പങ്കെടുത്തില്ല. യൂണിവേഴ്‌സിറ്റി സനാതന ധര്‍മപീഠം ചെയറും ഭാരതീയ വിചാരകേന്ദ്രവും ചേര്‍ന്നു നടത്തിയ സെമിനാറില്‍ അധ്യക്ഷനാകേണ്ടിയിരുന്നത് വൈസ് ചാന്‍സലര്‍ എം.കെ ജയരാജായിരുന്നു. വി.സിയുടെ അഭാവത്തില്‍ സ്വാമി ചിദാനന്ദപുരിയാണ് പരിപാടിക്ക് അധ്യക്ഷത വഹിച്ചത്. വി.സി പങ്കെടുക്കുന്നില്ലെങ്കില്‍ പരിപാടിക്ക് പ്രോ വൈസ് ചാന്‍സലറേ അയക്കേണ്ടതായിരുന്നുവെന്നും കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നും പരിപാടിക്ക് അധ്യക്ഷത വഹിച്ച സ്വാമി ചിദാനന്ദപുരി പറഞ്ഞു.
വൈകീട്ട് നാല് മണിയോടെ ആരംഭിച്ച ചടങ്ങ് സെമിനാര്‍ ഹാളില്‍ നടക്കുമ്പോഴും ക്യാമ്പസിന് പുറത്ത് പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകരും നിലയുറപ്പിച്ചു. സെമിനാര്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പും ക്യാമ്പസിനുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നൂറ് കണക്കിന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പോലീസ് തടഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷേ അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
മുദ്രാവാക്യങ്ങളെ ചാന്‍സലര്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്തൊക്കെയോ തകരാറുണ്ട് പി.എം ആര്‍ഷോ പറഞ്ഞു.