കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ കോട്ടകളിൽ വിള്ളൽ വീഴ്ത്തി കെഎസ്‌യു. കോഴിക്കോട് ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളജുകളിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്‌യു തനിച്ചും മുന്നണിയായും നേട്ടമുണ്ടാക്കിയത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് യൂണിയന്‍ ഭരണവും എസ്‌എഫ്‌ഐയില്‍ നിന്ന് കെഎസ്‌യു പിടിച്ചെടുത്തു (College Union Elections).
ആകെയുള്ള ഒമ്പതില്‍ ഒമ്പത് സീറ്റിലും വിജയിച്ചാണ് കെഎസ്‌യു സമ്പൂര്‍ണ ആധിപത്യം ഉറപ്പിച്ചത്. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാന്‍സ്‌ഡ് സ്റ്റഡീസ് മുഴുവന്‍ സീറ്റിലും വിജയിച്ച് എസ്എഫ്‌ഐയില്‍ നിന്ന് കെഎസ്‌യു പിടിച്ചെടുത്തു. നാദാപുരം ഗവണ്‍മെന്‍റ് കോളജ്, താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളജ് എന്നിവിടങ്ങളിലും കെഎസ്‌യു മുന്നണി യൂണിയന്‍ പിടിച്ചെടുത്തു (SFI KSU Claim Victory Elections).
കോഴിക്കോട് ഗവണ്‍മെന്‍റ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജില്‍ ചെയര്‍മാന്‍ സീറ്റിലും മാഗസിന്‍ എഡിറ്റര്‍ സീറ്റിലും കെഎസ്‌യു വിജയിച്ചു. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളജില്‍ കെഎസ്‌യു ജനറല്‍ ക്യാപ്റ്റന്‍ പോസ്റ്റില്‍ വിജയിച്ചു. എസ്‌എഫ്‌ഐയുടെ അക്രമവും ഭീഷണിയും ഉണ്ടായെന്ന് ആരോപണമുണ്ടായ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ജോയിന്‍റ് സെക്രട്ടറി പോസ്റ്റില്‍ കെഎസ്‌യു സ്ഥാനാര്‍ഥി വിജയിച്ചു.
15 കോളജ് യൂണിയനുകള്‍ കെഎസ്‌യു-എംഎസ്എഫ് സഖ്യം വിജയിച്ചു. നാദാപുരം ഗവ.കോളജില്‍ മുഴുവന്‍ സീറ്റിലും മുന്നണി വിജയിച്ചു. കുന്ദമംഗലം ഗവണ്‍മെന്‍റ് കോളജില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചിട്ടും ബാലറ്റ് കീറി ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചെന്ന് യുഡിഎസ്എഫ് ആരോപിച്ചു (SFI KSU). താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളജില്‍ 13 ല്‍ 11 സീറ്റും നേടി യുഡിഎസ്എഫ് മുന്നണി യൂണിയന്‍ വിജയിച്ചു.
കോഴിക്കോട് ഗവണ്‍മെന്‍റ് ആര്‍ട്‌സില്‍ തേര്‍ഡ് ഇയര്‍ റെപ്പ്, അറബി അസോസിയേഷന്‍ ഉള്‍പ്പെടെ മുന്നണി രണ്ട് സീറ്റ് നേടി. പേരാമ്പ്ര സികെജി ഗവ. കോളജില്‍ ചരിത്രത്തിലാദ്യമായി സഖ്യം സെക്കന്‍ഡ് ഇയര്‍ റെപ്പ്, തേര്‍ഡ് ഇയര്‍ റെപ്പ്, സ്റ്റാറ്റിസ്റ്റിക്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ 3 സീറ്റുകള്‍ നേടി.
മൊകേരി ഗവണ്‍മെന്‍റ് കോളജില്‍ സെക്കന്‍ഡ് ഇയര്‍ റെപ്പ്, കൊമേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ രണ്ട് സീറ്റുകള്‍ വിജയിച്ചു. ബാലുശ്ശേരി ഗവണ്‍മെന്‍റ് കോളജില്‍ തേര്‍ഡ് ഇയര്‍ റെപ്പ് , മാത്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ രണ്ട് സീറ്റുകള്‍ മുന്നണി നേടി.
പാലക്കാടും കെഎസ്‌യുവിന് നേട്ടം: കഴിഞ്ഞ 23 വർഷത്തെ എസ്എഫ്ഐയുടെ ഭരണത്തിന് തടയിട്ട് വിക്ടോറിയ കോളജ് ഭരണം കെഎസ്‌യു പിടിച്ചെടുത്തു. പട്ടാമ്പി ഗവൺമെൻ്റ് കോളജ്, നെന്മാറ, ഒറ്റപ്പാലം എൻഎസ്‌എസ് കോളജുകൾ, തൃത്താല ഗവൺമെൻ്റ് കോളജ് എന്നിവിടങ്ങളിലും കെഎസ്‌യു ഭരണത്തിലേറി. അതേസമയം ചിറ്റൂർ കോളജ് എസ്‌എഫ്‌ഐ നിലനിർത്തി.
തൃശൂർ കേരളവർമ്മയിൽ ഒരു വോട്ടിന് ജയിച്ച് കെഎസ്‌യു ഭരണം പിടിച്ചെങ്കിലും റീ കൗണ്ടിങ്ങിൽ അത് നഷ്‌ടമായി. ഇതേ തുടര്‍ന്ന് അട്ടിമറി ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ്‌യു. അതേ സമയം കാലിക്കറ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാല് ജില്ലകളിലായി ആകെയുള്ള 194ൽ 120 സീറ്റും എസ്‌എഫ്‌ഐക്കാണ്. തൃശൂർ ജില്ലയിൽ 28ൽ 26 , പാലക്കാട് ജില്ലയില്‍ 31 ൽ 19, കോഴിക്കോട് ജില്ലയില്‍ 58 ൽ 42 മലപ്പുറത്ത് 59 ൽ 21 വയനാട് 18 ൽ 12 എന്നിങ്ങനെയാണ് എസ്‌എഫ്‌ഐ വിജയം.