കോഴിക്കോട്: ഭട്ട് റോഡ് ബീച്ചിലെ കടൽഭിത്തി തകർന്ന് കടലാക്രമണം രൂക്ഷമായി. 15 ഓളം വീടുകള്‍ ഭാഗികമായും മൂന്ന് വീടുകൾ പൂര്‍ണമായും തകർന്നു. ഭാരം കുറഞ്ഞ കല്ലുകൾ കയർ കെട്ടിനിർത്തിയ രീതിയിലാണ് ഇപ്പോൾ ഭട്ട് ബീച്ചിലെ കടൽഭിത്തിയുള്ളത്. ശക്തമായ തിരയിൽ മണൽ ഒഴുകി പോകുന്നതാണ് ഭിത്തി ഇടിയാൻ കാരണം. 300 മീറ്ററോളം ഭിത്തികൾ പൂർണമായും ഇടിഞ്ഞിട്ടുണ്ട്. എല്ലാവർഷവും കടൽക്ഷോഭത്തിൽ ഭിത്തി തകർന്ന് വീടുകൾ നശിക്കുന്നത് പതിവാണ്.
കഴിഞ്ഞ വർഷം വരെ വീട് നഷ്ടപ്പെട്ടവർ ക്യാമ്പിലായിരുന്നു അഭയം തേടിയത്. എന്നാൽ ഇത്തവണ കൊവിഡ് കാരണം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടില്ല. ആയതിനാൽ ബന്ധു വീട്ടുകളെ ആശ്രയിച്ചാണ് ഇവർ താമസിക്കുന്നത്. രാത്രിയിൽ കടൽക്ഷോഭം ഉണ്ടാകുമോ എന്ന ഭയത്തോടെയാണ് ഉറങ്ങുന്നെതെന്ന് പ്രദേശവാസികൾ പറയുന്നു.
കടഭിത്തി തകര്‍ന്നതായി കാണിച്ച് ഒരാഴ്ച മുന്‍പ് 637 പേര്‍ ഒപ്പിട്ട പരാതി കലക്ടര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പരിഹാരമായിട്ടില്ല. ഭിത്തി തകരുമ്പോൾ താൽക്കാലികമായി ചെറിയ കല്ലുകൾ കൊണ്ടിടുമെങ്കിലും ശക്തമായ തിരയിൽ എല്ലാം ഒലിച്ചു പോവുകയാണ് പതിവ്. 25 വർഷമെങ്കിലും കടൽഭിത്തി നിൽക്കുമെന്നാണ് നിര്‍മാണ സമയത്ത് അധികൃതർ പറഞ്ഞെങ്കിലും മൂന്നു വർഷം കൊണ്ട് തകര്‍ന്നു.
പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിനും വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിനുമിടയിലുള്ള പ്രദേശമാണ് ഭട്ട് റോഡ് ബീച്ച്. ഇരു തുറമുഖങ്ങളിലും പുലിമുട്ട് ഉള്ളതിനാൽ ഭട്ട് റോഡ് ബീച്ച് ഭാഗത്ത് തിര ശക്തമായി ഉയരും. അതുകൊണ്ടുതന്നെ മണ്ണ് പെട്ടെന്നുതന്നെ ഒലിച്ചു പോകും. ഇതോടെ കടൽഭിത്തിക്ക് ക്ഷതം സംഭവിക്കും. വർഷങ്ങളായി കര കടൽ എടുക്കുകയാണ്.
300 മീറ്ററോളം കര കടൽ വിഴുങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷോധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.