കോഴിക്കോട് : ക്രൈസ്‌തവ-മുസ്ലിം സൗഹാർദം തകർക്കുന്ന തരത്തില്‍ പ്രസ്‌താവന നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് പി.അബ്‌ദുൽ മജീദ് ഫൈസി. പാലാ രൂപതയുടെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സൗഹാർദത്തിൽ കഴിഞ്ഞ ഇരു സമൂഹങ്ങൾക്കിടയിൽ സംശയവും സ്‌പർദ്ധയുമുണ്ടാക്കിയിരിക്കുകയാണ് ബിഷപ്പിന്‍റെ പ്രസ്‌താവനയെന്നും വർഗീയതയ്ക്ക് എതിരാണെന്ന് അവകാശപ്പെടുന്നവർ വർഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണ നൽകാൻ അരമനയ്ക്ക് മുന്നില്‍ നിൽക്കുന്നത് അത്യന്തം ലജ്ജാകരമാണെന്നും അബ്‌ദുൽ മജീദ് ഫൈസി പറഞ്ഞു.
ഒരു മത വിഭാഗത്തെ വർഗീയ വാദികളായും ക്രിമിനലുകളായും മുദ്ര കുത്തിയ ബിഷപ്പിനെ വെള്ള പൂശാനും സംരക്ഷിക്കാനും സർക്കാരും സിപിഎമ്മും കാണിക്കുന്ന അമിതോത്സാഹം മതേതര കേരളത്തിന് തീരാ കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.