കോഴിക്കോട്: 'ഞാൻ ഹാപ്പിയാണ്.. നിങ്ങളോ.? 'നിങ്ങൾക്ക് എന്തെങ്കിലും സന്തോഷ കുറവുണ്ടോ എങ്കിൽ എന്നെ കണ്ടു പഠിക്കൂ. ഏഴാം വയസ്സുവരെ കളിച്ച് ചിരിച്ചു നടന്ന സമീജ്. ഇപ്പോൾ അവന് വയസ്സ് 19 ആയി.
തല'വര തെളിയുന്നത്': ശാരീരികമായ പരിമിതികൾ മാത്രമേ അവനുള്ളൂ. എന്നാൽ സമീജ് അതറിയുന്നില്ല, കാരണം അവനൊരു തൊഴിൽ അറിയാം. നന്നായി വരയ്ക്കാൻ, അത് ജന്മനായുള്ള കഴിവുകൊണ്ടൊന്നും വികസിപ്പിച്ചെടുത്ത ഒന്നല്ല. എവിടെയും പോകാൻ പറ്റാതായതോടെ മൊബൈൽ ഫോൺ വഴി കണ്ടെത്തിയതാണ്. ഒരാളുടെയും സഹായമില്ലാതെ സ്വന്തം മുറിയിലിരുന്ന് 24 മണിക്കൂറും വര തന്നെയാണ് പണി.
തനിക്ക് ഇഷ്‌ടപ്പെട്ടതും അയച്ചു കിട്ടുന്നതുമായ ചിത്രങ്ങളെ സ്കെച്ചെടുത്താണ് ഔട്ട് ലൈൻ ഇടുന്നത്. അത് കഴിഞ്ഞ് ആവശ്യമായ കളർ കൊടുക്കും. കിളികളെയും പൂക്കളെയും വരച്ചാണ് തുടക്കമിട്ടത്. കുടുംബത്തിലെ മൂത്ത പേരക്കുട്ടിക്ക് എല്ലാവരുടെയും സഹായം ലഭിച്ചതോടെ വര വളർന്നു. സ്വന്തം അമ്മാവനിലാണ് എല്ലാ പരീക്ഷണവും നടത്തുക. ഓരോ ചിത്രങ്ങൾ വരക്കുന്നതിനനുസരിച്ച് മാറ്റങ്ങൾ വരുത്തി വരുത്തി ഒടുവിൽ അത് പ്രതിഫലം കിട്ടുന്ന ജോലിയാക്കി മാറ്റി.
പ്രിയപ്പെട്ടവർ അയച്ചുകൊടുക്കുന്ന ഏത് ചെറിയ ചിത്രവും എ ഫോർ വലുപ്പത്തിൽ സ്കെച്ച് എടുത്ത് വരക്കും. ഒരു ചിത്രം വരച്ചു കൊടുത്താൽ 250, 300 രൂപ വരെ കിട്ടും. സമീജിന്‍റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'പുറത്തൊന്നും പോകാത്ത മറ്റു ചിലവുകൾ ഒന്നുമില്ലാത്ത തനിക്ക് ഇതൊക്കെ ധാരാളം. ഫോൺ റീചാർജ് ചെയ്യാനുള്ള പണം ഞാൻ കണ്ടെത്തും. പിന്നെ പെൻഷൻ പണമുണ്ട് അതും കൂടി ആകുമ്പോൾ ധാരാളം.
അവശതകള്‍ തളര്‍ത്തി, എന്നാല്‍: ബാലുശേരിക്കടുത്ത് പൂനത്ത് എകരത്ത് മുജീബിന്‍റെയും സമീറയുടെയും മൂന്നുമക്കളിൽ മൂത്തവനായ സമീജിന് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കഴുത്ത് വേദന അനുഭവപ്പെടുന്നത്. തുടക്കത്തിൽ ഉഴിച്ചിലും മറ്റു പ്രകൃതി ചികിത്സകളും ചെയ്‌ത് നോക്കി. ഒരു മാറ്റവും വരാതായതോടെ ആശുപത്രിയിൽ കാണിച്ചു. എംആർഐ സ്‌കാന്‍ അടക്കമുള്ള പല ടെസ്‌റ്റുകൾ നടത്തി, അങ്ങനെയാണ് സ്പൈനൽ കോർഡിൽ ട്യൂമർ ആണെന്ന് കണ്ടെത്തുന്നത്. പിന്നാലെ ആശുപത്രി വാസമായി.
അതിജീവനത്തിന്‍റെ കാലഘട്ടം: ഒടുവിൽ 2009 ഒക്‌ടോബറിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് സര്‍ജറി നടത്തി. അതിനുശേഷം ആർസിസി പോലുള്ള സ്ഥാപനങ്ങളിൽ ചികിത്സ തേടി. ശരീരത്തിൻ്റെ വളർച്ച നിലച്ച് ആകൃതി തന്നെ മാറിയ സമയത്തും ഇതൊന്നും വകവയ്ക്കാതെ സമീജ് സ്‌കൂളിൽ പോയി. ഏഴാം ക്ലാസ് വരെ തൊട്ടടുത്തുള്ള പൂനത്ത് സ്‌കൂളിൽ പഠിച്ചു. പിന്നാല പ്ലസ്‌ടുവും പൂർത്തിയാക്കി. ഒരു കിലോമീറ്റർ പോലും നടക്കാനാവാത്ത സമീജിനെ ദിനംപ്രതി വീട്ടുകാരാണ് സ്‌കൂളിൽ കൊണ്ടുപോയത്.
ആ കാലഘട്ടം ഒക്കെ തള്ളി നീക്കിയതിന്‍റെ ഓർമകൾ സമീജിന്‍റെ ഉമ്മ സമീറ ഇപ്പോഴും ഓർക്കുകയാണ്. ഭർത്താവിന്‍റെ വരുമാനം ഒന്നു മാത്രമാണ് ഈ കുടുംബത്തെ പിടിച്ചുനിർത്തിയത്. ചിലവ് താങ്ങാൻ ആവാതായതോടെ സമീറയും ഒരു കോഴ്‌സ് ചെയ്‌തു. കൊവിഡ് കാലത്ത് നഴ്‌സിങ് അസിസ്‌റ്റന്‍റ് കോഴ്‌സ് പൂർത്തിയാക്കിയ സമീറ ഒന്നര വർഷമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോവുകയാണ്.
വാഹനപ്രേമം: സമീജിനെ വീട്ടിൽ ഒറ്റയ്ക്ക് ആക്കിയാണ് സമീറ ജോലിക്ക് പോകുന്നത്. ആ സമയത്തെല്ലാം സമീജ് വരയിൽ മുഴുകും. വാഹനങ്ങളോടാണ് സമീജിന് ഏറെ കമ്പം. അവന്‍റെ ഭാഷയിൽ തന്നെ പറഞ്ഞാൽ അടങ്ങാത്ത വാഹന ഭ്രാന്ത്. ടൂറിസ്‌റ്റ് ബസ് 'കൊമ്പൻ' ആണ് ഏറ്റവും ഇഷ്‌ടപ്പെട്ട വാഹനം. അതിന്‍റെ പല തരത്തിലുള്ള ചിത്രങ്ങൾ വരച്ചു. ബസ് വരച്ചത് മാത്രമല്ല അതിന്‍റെ മുതലാളി അടക്കം സകല ജീവനക്കാരും സമീജിന്‍റെ സുഹൃത്തുക്കളാണ്. അങ്ങനെ ഒരുതവണ ബസ്സിൽ കയറാനും അവസരം കിട്ടി. 'കൊമ്പന്‍റെ' മുന്നിൽ ബസ് മുതലാളി നിൽക്കുന്ന ഒരു ചിത്രത്തിന്‍റെ പണിപ്പുരയിൽ ആണ് സമീജ് ഇപ്പോൾ. ഈ ചിത്രം വരച്ചു കഴിയുമ്പോൾ മുതലാളി തന്നെ തേടി എത്തും എന്നാണ് ഈ 19കാരന്‍റെ പ്രതീക്ഷ.
ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷവും ആഗ്രഹവും എന്ന് പറയുന്നത് വാഹനം ഓടിക്കുക എന്നതാണ്. വണ്ടി ഭ്രാന്തിനൊപ്പം മനസ്സിൽ ഓടി കയറിയ ഒന്നാണ് വണ്ടി പഠിക്കുക എന്നത്. 18 വയസ്സ് കഴിഞ്ഞതോടെ ഉമ്മയോട് നിരന്തരം ആവശ്യപ്പെടുന്നത് അതാണ്. എന്നാൽ നേരായ രീതിയിൽ നടക്കാൻ പറ്റാത്ത മോൻ എങ്ങനെ വണ്ടി പഠിക്കുമെന്നതിലാണ് ഉമ്മയുടെ ആശങ്ക. വീൽചെയറിൽ ഇരിക്കുന്നവരും രണ്ട് കൈകൾ ഇല്ലാത്തവരും വാഹനം ഓടിച്ചതിന്‍റെ കഥയാണ് സമീജിന് തിരിച്ചു പറയാനുള്ളത്.
കണ്ടതെല്ലാം 'വര'യായി: വാഹനങ്ങൾക്കൊപ്പം തന്നെ മറ്റു നിരവധി പേരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ജയസൂര്യ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് സമീജിന്‍റെ ശേഖരത്തിലുള്ളത്. ഇതിൽ ആർക്കെങ്കിലുമൊക്കെ ചിത്രം നേരിട്ട് കൊടുക്കണം എന്നുള്ളതും ചെറിയൊരു ആഗ്രഹമാണ്. ജീവിതത്തിൽ ചെറിയ കഷ്‌ടപ്പാടുകൾ വരുമ്പോഴേക്കും അതിനെ പെരുപ്പിച്ചു കാണിച്ച് എല്ലാം നശിച്ചു എന്ന് പറയുന്നവർ കണ്ടുപഠിക്കേണ്ടതാണ് സമീജിന്‍റെ ജീവിതം. 'എന്‍റെ പോരായ്‌മകൾ നിങ്ങൾ മറക്കൂ.. എന്‍റെ ആഗ്രഹങ്ങൾക്ക് വഴി തെളിയിക്കൂ.. എന്നെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാവൂ.. ഞാനും ഉയരങ്ങളിലേക്ക് എത്തട്ടെ', സമീജിന്‍റെ വാക്കുകളാണിത്.