കോഴിക്കോട്: ലോക ഭക്ഷ്യദിനത്തിൽ 'നല്ല ഭക്ഷണപ്പൊതി' വിൽപന മേളയുമായി സേവ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കോഴിക്കോട് ടൗൺഹാളിലാണ് ഭക്ഷ്യ മേള നടക്കുന്നത്.
മായമില്ലാത്ത ശുദ്ധഭക്ഷണം ഒരു ജനതയുടെ അവകാശമാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യമേള നടത്തുന്നത്. വിവിധയിനം പഴവർഗങ്ങൾ കൊണ്ടുള്ള പലഹാരങ്ങൾ, ചക്ക പൈ, പപ്പായ പൈ, ഞാലിപ്പൂവൻ പൈ, വാഴക്കതോട് പൈ, പൈനാപ്പിൾ പൈ, റംബൂട്ടാൻ പൈ, വഴുതന പൈ, കാരറ്റ് പൈ, കുമ്പിളപ്പം, ഇലയട, ചക്ക ഐസ്ക്രീം, കോളി ഫ്ലവർ, പൊക്കുവട തുടങ്ങിയ മധുരവും എരിവുള്ള പലഹാരങ്ങൾ കൃത്രിമ നിറക്കൂട്ടുകളൊന്നും ഉപയോഗിക്കാതെ പാചകം ചെയ്തു നൽകുന്നതാണ് ഭക്ഷ്യമേള. കപ്പ പുഴുക്ക്, മുളക് ചമ്മന്തി മൺകുടത്തിൽ തണുപ്പിച്ച നീര, ചുരങ്ങ ഹൽവ, കപ്പയുടെ വിവിധ പലഹാരങ്ങൾ എന്നിവയും മേളയിൽ ലഭ്യമാകും. കൂടാതെ വിവിധ പഴവർഗങ്ങൾ കൊണ്ടുള്ള പായസങ്ങളും മേളയിൽ ഉണ്ട്. ലോക ഭക്ഷ്യ ദിനത്തിൽ പരമ്പരാഗതവും കൃത്രിമങ്ങൾ ഇല്ലാത്തതുമായ ഭക്ഷ്യവിഭവങ്ങൾ നഗരവാസികൾക്ക് പരിചയപ്പെടുത്തുകയാണ് 'നല്ല പൊതി' എന്ന ഭക്ഷ്യമേളയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സേവ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് എം പി രജുൽകുമാർ പറഞ്ഞു.
ഭക്ഷ്യമേളയോടപ്പം തന്നെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിദേശ ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രദർശനം. മേള 18ന് സമാപിക്കും