കോഴിക്കോട്: കൊവിഡിനിടയില്‍ ഒരു റമദാൻ മാസം കൂടി വിട പറയുന്നു. കൊവിഡിൽ മങ്ങിയിട്ടും മൈലാഞ്ചിച്ചോപ്പിന്‍റെ ചാരുതയിലാണ് മലബാറിലെ കുട്ടികളും ഉമ്മമാരും വലിയുമ്മമാരും. ലോക്ക്ഡൗണില്‍ എല്ലാവരും വീടുകളിൽ തന്നെ കഴിയുന്നതുകൊണ്ട് തന്നെ മൈലാഞ്ചിയിടലും തകൃതിയായി നടക്കുന്നുണ്ട്. പെരുന്നാൾ ആഘോഷത്തിന് നിയന്ത്രണം ഉണ്ടെങ്കിലും കൈകളിൽ മൈലാഞ്ചിയണിഞ്ഞ് ചെറിയ പെരുന്നാളിന്‍റെ ഗൃഹാതുരത്വ ഓർമകളെ വീടുകളിൽ സജീവമാക്കി നിലനിർത്തുകയാണ്.
ചെറിയ പെരുന്നാൾ തലേന്ന് മൈലാഞ്ചിയിടുന്നത് മലബാറിലെ മുസ്ലിം വീടുകളിലെ പതിവ് കാഴ്‌ചയാണ്. സമീപമുള്ള വീടുകളിലെ കുടുംബാംഗങ്ങളോ കൂട്ടുകാരോ ഒന്നിച്ചു കൂടിയാണ് മൈലാഞ്ചി ഇടാറുള്ളത്. ട്യൂബ് പോലെയുള്ള മൈലാഞ്ചിയുടെ പുതിയ വകഭേദങ്ങൾ വന്നെങ്കിലും മൈലാഞ്ചി ചെടിയിൽ നിന്ന് ഇലകൾ പറിച്ച് അത് അരച്ചെടുത്ത് കൈകളിൽ ഇടുന്നതിനോടാണ് പഴയ തലമുറയ്ക്ക് ഇപ്പോഴും താൽപര്യം. ഇപ്പോൾ മൈലാഞ്ചിയിടാൻ ആധുനിക രീതിയിലുള്ള അച്ചുകളാണ് ഉപയോഗിക്കുന്നതെങ്കിൽ പണ്ടുകാലത്ത് ചക്കയുടെ വെളഞ്ഞി ഉപയോഗിച്ചാണ് മൈലാഞ്ചിയിട്ടിരുന്നത്. മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന വിവിധതരത്തിലുള്ള കെമിക്കൽസ് അടങ്ങിയ പുതിയ കാലത്തെ മൈലാഞ്ചിയേക്കാൾ ചെടിയിൽ നിന്നുള്ള മൈലാഞ്ചിക്ക് രോഗപ്രതിരോധത്തിന് കഴിവുണ്ടെന്നും പഴയ തലമുറ അവകാശപ്പെടുന്നു. വലിയുമ്മമാർ പേരമക്കൾക്ക് മൈലാഞ്ചി ഇട്ടുകൊടുക്കുന്ന കാഴ്‌ച രണ്ട് തലമുറകളുടെ വിളക്കിച്ചേർക്കലുകളാണ്.