കോഴിക്കോട്: നാടാകെ കൊവിഡ് ദുരിതം നേരിടുമ്പോൾ ആഘോഷങ്ങൾ കുറച്ച് ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ. ഒരു മാസം നീളുന്ന വ്രതാനുഷ്‌ഠാനത്തിന്‍റെ നിറവിൽ പുതുവസ്‌ത്രവും കൂട്ടായ്‌മയുമായി കൊണ്ടാടുന്ന പെരുന്നാൾ ദിനം ഇത്തവണ വീടുകളിൽ പ്രാർഥനകളിലും ഭക്ഷണവിഭവങ്ങളിലും മാത്രമായി ഒതുങ്ങും.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചെറിയ പെരുന്നാളിന് ഏകദേശം 10 ദിവസം മുമ്പേ കടകൾ അടച്ചതിനാൽ പുതുവസ്‌ത്രങ്ങൾ ഇല്ലാതെയാണ് ഭൂരിഭാഗം ആളുകളും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ വസ്‌ത്രവിപണിയിൽ വലിയ നഷ്‌ടമാണ് ഈ കൊവിഡ് കാലം ഉണ്ടാക്കിയതെന്ന് വ്യാപാരികൾ പറയുന്നു. പെരുന്നാൾ മുന്നിൽ കണ്ട് വസ്‌ത്രങ്ങളുടെ വലിയ ശേഖരം തന്നെയാണ് വ്യാപാരികൾ ഒരുക്കി വച്ചിരുന്നത്. കൊവിഡ് ഒന്നാം തരംഗത്തിൽ നേരിട്ട പ്രതിസന്ധികൾ പതിയെ അതിജീവിച്ച് വരുന്നതിനിടെയാണ് രണ്ടാം തരംഗം വില്ലനായി എത്തിയത്.
കൂടുതൽ വായനയ്‌ക്ക്: ലോക്ക് ഡൗണ്‍ ലംഘനം: കോഴിക്കോട്ടെ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്ക് 32000 രൂപ പിഴ
സാധാരണ കൂടുതൽ പേരും റമദാൻ അവസാന ആഴ്‌ചകളിലാണ് വസ്‌ത്രവും മറ്റും എടുക്കുന്നത്. ഇത്തവണ കൊവിഡ് കേസുകളിൽ വലിയ വർധന വന്നതോടെ അവശ്യ സാധനങ്ങൾക്ക് മാത്രമായി സേവനം നിജപ്പെടുത്തിയിരുന്നു. ഇതോടെ ബഹുഭൂരിപക്ഷവും പുതുവസ്‌ത്രങ്ങൾ വാങ്ങാതെ തന്നെ ആഘോഷിക്കാനാണ് തീരുമാനം.
കൂടുതൽ വായനയ്‌ക്ക്: സംസ്ഥാനത്ത് 37,290 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 79 മരണം