കോഴിക്കോട് : ആയുർവേദ ചികിത്സയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് (21/07/23) കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തും. ഒരാഴ്‌ച നീളുന്ന ചികിത്സയിൽ കെ സി വേണുഗോപാലും ഒപ്പം ഉണ്ടാകും. മാനേജിംഗ് ട്രസ്റ്റി പി എം മാധവൻകുട്ടി വാര്യരുടെ മേൽനോട്ടത്തിലാണ് ചികിത്സ.
രാഹുലിന് പിന്നാലെ പ്രിയങ്കഗാന്ധിയും ചികിത്സയ്ക്കായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തിയേക്കും. ഇവിടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് രാഹുൽ ഗാന്ധിക്ക് കാൽ മുട്ടിന് വേദന അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നുള്ള ചികിത്സക്കായാണോ അതോ കർക്കടക ചികിത്സക്ക് വേണ്ടിയാണോ രാഹുൽ ഗാന്ധി എത്തുന്നതെന്ന് വ്യക്തമല്ല.
2022 സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ജനുവരി 30നായിരുന്നു. 136 ദിവസം കൊണ്ട് 4080 കിലോമീറ്ററാണ് രാഹുൽഗാന്ധി പിന്നിട്ടത്. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കാൽനടയായിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര.
കോട്ടക്കൽ ആര്യവൈദ്യശാല : ആയുർവേദ ചികിത്സാരംഗത്ത് ഗുണമേന്മയിൽ പ്രസിദ്ധമായ കോട്ടക്കൽ ആര്യവൈദ്യശാലയ്‌ക്ക് ഒരു നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട്. വൈദ്യരത്നം പി എസ് വാര്യരാണ് 1902ൽ കോട്ടൽ ആര്യവൈദ്യശാല സ്ഥാപിച്ചത്. പി എം മാധവൻകുട്ടി വാര്യരാണ് (പന്നീമ്പിള്ളി മാധവൻകുട്ടി വാര്യർ) ആര്യവൈദ്യശാലയുടെ ഇപ്പോഴത്തെ നടത്തിപ്പുകാരൻ. ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്‍റെ പാരമ്പര്യം അതേപടി കാത്തുസൂക്ഷിക്കുന്ന ഇവിടേക്ക് ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും ആളുകൾ ചികിത്സ തേടി എത്താറുണ്ട്.
ഇന്നലെ രാവിലെ കേരളത്തിലെത്തിയ രാഹുൽഗാന്ധി വൈകുന്നേരം കോട്ടക്കലിൽ എത്തുമെന്നായിരുന്നു വിവരം. എന്നാൽ, ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ നീണ്ടുപോയതോടെ ഇന്നലെ കോട്ടക്കലിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. രാത്രി ഏറെ വൈകിയാണ് സംസ്‌കാര ചടങ്ങുകൾ തീർന്നത്. സംസ്‌കാര ചടങ്ങ് നടക്കുന്ന പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളിയിലെത്തിയാണ് രാഹുല്‍ ഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ബെംഗളൂരുവിലും ഉമ്മൻ ചാണ്ടിക്ക് ആദരമര്‍പ്പിക്കാന്‍ രാഹുൽ ഗാന്ധിയെത്തിയിരുന്നു. സോണിയയും ഒപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ച മുൻ മന്ത്രി ടി ജോണിന്‍റെ ബെംഗളൂരു ഇന്ദിരാനഗറിലെ വസതിയിലാണ് രാഹുൽ ഗാന്ധി എത്തി അന്തിമോപചാരം അർപ്പിച്ചത്. സിദ്ധരാമയ്യയും മല്ലികാർജ്ജുൻ ഖാർഗെയും ഇവരോടൊപ്പം ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനെത്തിയിരുന്നു.
കേരളത്തിന്‍റെയും ഇന്ത്യയുടെയും ഊർജമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ യഥാർഥ നേതാവായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ട്വിറ്ററിലൂടെയാണ് ആദ്യം രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചത്. മാതൃകാപരമായ അടിത്തറയുള്ള കോൺഗ്രസ് നേതാവായിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്‌ത ആജീവനാന്ത സേവനത്തിന്‍റെ പേരിൽ അദ്ദേഹം എക്കാലവും സ്‌മരിക്കപ്പെടും. അദ്ദേഹത്തിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.