കോഴിക്കോട് : ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തിന് പിന്നാലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനില്‍ തീ പടര്‍ന്നുവെന്ന വിവരം അറിഞ്ഞ് പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ചാടിയവരാകാം മരിച്ചതെന്നാണ് സംശയിക്കുന്നത്. ഒരു സ്ത്രീയുടെയും കുഞ്ഞിൻ്റെയും മധ്യവയസ്‌കൻ്റെയും മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്.
മട്ടന്നൂർ പലോട്ട് പള്ളി സ്വദേശി റഹ്മത്ത് (43) ഇവരുടെ അനുജത്തിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
റഹ്മത്തിന്‍റെ കോഴിക്കോടുള്ള സഹോദരി, ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് ചേർന്നതിനാൽ അവരുടെ മകളായ സഹറയെ നാട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു റഹ്മത്ത്. ഇതിനിടെയാണ് യാത്രക്കാരിൽ ഒരാൾ ട്രെയിനിനുള്ളിൽ തീയിട്ടത്. ഡി 1 കമ്പാര്‍ട്ട്മെന്‍റിലേക്ക് നടന്നെത്തിയ ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ച മധ്യവയസ്‌കനാണ് അക്രമം നടത്തിയത്.
കയ്യില്‍ കരുതിയ രണ്ട് കുപ്പി പെട്രോൾ യാത്രക്കാരുടെ ശരീരത്തിലേക്ക് ഒഴിച്ച ശേഷമാണ് അക്രമി ട്രെയിനിന് തീയിട്ടത്. ഞായറാഴ്‌ച രാത്രി 9.07ന് കണ്ണൂർ ഭാഗത്തേക്ക് പോയ ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിലെ ഡി 1, ഡി 2 കമ്പാര്‍ട്ട്മെന്‍റില്‍ തീ പടര്‍ന്നുവെന്നായിരുന്നു ആദ്യ വിവരം. ഇത് വലിയ രീതിയില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കിയിരുന്നു.
യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ചതിന് പിന്നാലെ ട്രെയിന്‍ കോരപ്പുഴ പാലത്തിന് മുകളിൽ നിർത്തി. ആ സമയത്തും ആളുകൾ അഗ്നിബാധ ഭയന്ന് പ്രാണരക്ഷാര്‍ഥം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. ഒമ്പത് പേരാണ് സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ളത്.
കതിരൂർ സ്വദേശി അനിൽ കുമാർ (50), ഇയാളുടെ ഭാര്യ സജിഷ (47), മകൻ അദ്വൈദ് (21), തൃശൂർ സ്വദേശി അശ്വതി (29), തളിപ്പറമ്പ് സ്വദേശി റൂബി (52), മട്ടന്നൂർ സ്വദേശി റാസിക് (27), തളിപ്പറമ്പ് സ്വദേശി ജോതീന്ദ്രനാഥ് (50), തൃശൂർ സ്വദേശി പ്രിൻസ് (39), കണ്ണൂർ സ്വദേശി പ്രകാശൻ (52) എന്നിവർക്കാണ് പൊള്ളലേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അഞ്ച് പേർ മെഡിക്കൽ കോളജിലും മൂന്ന് പേർ ബേബി മെമ്മോറിയലിലും ഒരാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
തീ കൊളുത്തിയതായി സംശയിക്കുന്ന 35 വയസ് തോന്നിക്കുന്ന ഒരാൾ ട്രെയിനിൽ നിന്ന് ഓടി രക്ഷപ്പെട്ടതായാണ് വിവരം. കോരപ്പുഴ പാലത്തിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടതായാണ് സൂചന. ചുവന്ന ഷർട്ടും കറുത്ത പാൻ്റും തൊപ്പിയും ധരിച്ച വ്യക്തിയാണ് അക്രമി.
അക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. റെയില്‍വേ പൊലീസും കേരള പൊലീസും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എലത്തൂർ മുതൽ കോരപ്പുഴ വഴി കാട്ടില പീടിക വരെ പൊലീസ് തെരച്ചിൽ നടത്തി. ചുറ്റുപാടുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.
Also read: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീയിട്ടു; പ്രതിക്കായി തെരച്ചില്‍
അക്രമം നടന്ന ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് 2.45ന് കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്‌സ്പ്രസ് ആയി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അധികൃതർ വിശദമാക്കി. പൊലീസ് സീൽ ചെയ്‌ത ഡി 1, ഡി2 കോച്ചുകൾക്ക് പകരം കോച്ചുകൾ ഘടിപ്പിച്ചായിരിക്കും സർവീസ് നടത്തുക.