കോഴിക്കോട്: കൊവിഡ് കാലത്ത് നെല്‍കൃഷിയുമായി മാതൃകയാവുകയാണ് വിദ്യാര്‍ഥികള്‍. പെരുവയല്‍ പുഞ്ചപ്പാടത്താണ് ആറുപേരടങ്ങുന്ന യുവസംഘം നെല്‍കൃഷിയുമായി രംഗത്തെത്തിയത്. വിദ്യാര്‍ഥികളായ വൈശാഖ്, ജിതിന്‍, അഭിരാം, വൈശാഖ്, ഹരീഷ്, വിപിന്‍ എന്നിവരാണ് നെല്‍കൃഷി ആരംഭിച്ചത്.
ആതിര ഇനത്തിലുള്ള വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികളാണ് ഞാറ് നടാന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായെത്തിയത്. ഒരേക്കര്‍ വയലില്‍ ആരംഭിച്ച കൃഷിക്ക് പെരുവയൽ സർവ്വീസ് സഹകരണ ബാങ്ക് അൻപതിനായിരം രൂപയുടെ പലിശരഹിത വായ്‌പയും അനുവദിച്ചിരുന്നു. പുഞ്ചപാടത്തെ കതിരണിയിക്കാനുള്ള വിദ്യാര്‍ഥികളുടെ ശ്രമത്തിന് പ്രദേശത്തെ കര്‍ഷകരും പൂര്‍ണ പിന്തുണയുമായെത്തിയിട്ടുണ്ട്.