കോഴിക്കോട്: രാജാജി റോഡിലെ എസ്‌കലേറ്റര്‍ ഓവര്‍ബ്രിഡ്‌ജിന്‍റെ നിര്‍മാണം പുനഃരാരംഭിച്ചു. അമൃതം പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് കോടി 76 ലക്ഷം രൂപ ചെലവിട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് ഓവര്‍ബ്രിഡ്‌ജ് നിര്‍മിക്കുന്നത്. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് മുന്‍വശത്ത് റോഡ് മുറിച്ച് കടക്കുന്നതിനായി ലിഫ്‌റ്റ് സംവിധാനത്തോട് കൂടിയ എസ്‌കലേറ്റര്‍ ഓവര്‍ബ്രിഡ്‌ജിന്‍റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും കൊവിഡ് വ്യാപനം മൂലം എസ്‌കലേറ്ററും ലിഫ്‌റ്റും നിര്‍മിക്കുന്ന ചൈനയിലെ കമ്പനി പൂട്ടിയതോടെ നിര്‍മാണം നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് നിര്‍മാണവസ്‌തുക്കളുടെ ഇറക്കുമതി വീണ്ടും ആരംഭിച്ചതോടെയാണ് ഓവര്‍ബ്രിഡ്‌ജ് നിര്‍മാണം പുനഃരാരംഭിച്ചത്.
നടപ്പാലത്തിന്‍റെ പണിയാണ് ഇപ്പോൾ നടക്കുന്നത്. അനുബന്ധ നടപ്പാതയും നവീകരിച്ചു. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ് നിർവഹണ ചുമതല. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള യന്ത്രവത്‌കൃത സംവിധാനത്തോട് കൂടിയ മേൽപാലം വരുന്നത്. പ്രതിസന്ധികൾ എല്ലാം തരണം ചെയ്‌തതോടെ എത്രയും വേഗം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് കോർപറേഷൻ്റെ പ്രതീക്ഷ.