കോഴിക്കോട്: നിപ ബാധയെന്ന് സംശയിക്കുന്ന കോഴിക്കോട്ടെ രണ്ട് പനി മരണങ്ങളിൽ ആരോഗ്യവകുപ്പ് വിദഗ്‌ധ പരിശോധന തുടങ്ങി (Health department Started Expert Examination after Nipah Suspected in Calicut). പ്രാഥമിക പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ പുറത്ത് വരും. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുമ്പോഴും അതീവ ജാഗ്രത നിർദേശമാണ് (Extreme Caution) നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 30നാണ് രോഗം സംശയിക്കുന്ന ആദ്യത്തെയാൾ മരിച്ചത്. 27നാണ് മരുതോങ്കര സ്വദേശിയായ ഇയാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇയാളുടെ സാമ്പിൾ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല.
മരിച്ച ആദ്യ രോഗി ചികിത്സയിലിരിക്കെ ഇതേ ആശുപത്രിയിലെത്തിയ ആളാണ് പിന്നീട് മരിച്ചത്. ആയഞ്ചേരി സ്വദേശിയായ ഈ 40 കാരൻ വടകരയിലെ ആശുപത്രിയിൽ നാല് ദിവസത്തോളം ചികിത്സയിലായിരുന്നു. ആരോഗ്യ നില ഗുരുതരമായതോടെ തിങ്കളാഴ്‌ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചയുടൻ മരണമടയുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല. മരിച്ച രണ്ട് പേരുടേയും സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് ശേഖരിച്ച് വരികയാണ്.
ആദ്യം മരണമടഞ്ഞ മരുതോങ്കര സ്വദേശിയായ 49 കാരൻ്റെ 5, 9 വയസ്സുള്ള രണ്ട് മക്കളും ബന്ധുക്കളായ 22കാരനും ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമാണ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതില്‍ ഒമ്പത് വയസ്സുകാരൻ്റെ നില അതീവ ഗുരുതരമാണ്. നിലവില്‍ വെൻ്റിലേറ്ററിൻ്റെ സഹായത്തിലാണ് കുട്ടി.
ചികിത്സയിലുള്ളവരുടെ സാമ്പിൾ പൂനെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഫലം വന്നാൽ മാത്രമേ നിപ തന്നെയാണോയെന്ന് ഉറപ്പിക്കാനാവൂ. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഇതിന്‍റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
2018 മേയില്‍ പേരാമ്പ്രയിലാണ് കേരളത്തിലെ ആദ്യ നിപ ബാധ സ്ഥിരീകരിച്ചത്. രോഗം പൊട്ടിപ്പുറപ്പെട്ടതോടെ 18 പേർ മരണത്തിന് കീഴടങ്ങി. പിന്നീട് 2021 ൽ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ 12 വയസ്സുള്ള ആൺകുട്ടിയുടെ മരണവും നിപ വൈറസ് ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.