കോഴിക്കോട് : പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് താമരശ്ശേരിയിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അറസ്റ്റിലായ കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെ (24) കോടതി റിമാന്‍ഡ് ചെയ്‌തു.
ഒരു കുപ്പി പെട്രോളും ലൈറ്ററുമായാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. അരുൺജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചു. ഇതോടെ വീടിനകത്തേക്ക് കയറാൻ പറ്റാതായ യുവാവ് വാതിൽ ചവിട്ടി തുറക്കാനുള്ള ശ്രമം നടത്തി.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രണയം നിരസിച്ചതോടെ പക തീർക്കാൻ കണക്കാക്കിയാണ് പ്രതി പെൺകുട്ടിയെ തേടിയെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. വാതിലടയ്‌ക്കാൻ വൈകിയിരുന്നെങ്കിൽ ദാരുണമായ സംഭവം നടന്നേനെയെന്നും പൊലീസ് അറിയിച്ചു.