കോഴിക്കോട്: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ എസ്. സാംബശിവ റാവു എം.കെ. രാഘവന്റെ മൊഴി രേഖപ്പെടുത്തി. രാഘവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി എടുത്തത്. ഇന്ന് രാവിലെ രാഘവനെ കലക്ടറുടെ ചേംബറിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത് .തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി.
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ദില്ലി ഓഫീസുമായി ബന്ധപ്പെടാന്‍ എം കെ രാഘവന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് ടി വി നയൻ ചാനല്‍ ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയാണ് മറ്റൊന്ന്. ഇതുകൂടാതെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു.
അതേസമയം താന്‍ പറഞ്ഞ കാര്യങ്ങളല്ല വാര്‍ത്തയിലുള്ളതെന്നും, സംഭാഷണം ഡബ്ബ് ചെയ്ത് ചേര്‍ത്തതാണെന്നുമാണ് രാഘവന്‍ ആദ്യം മൊഴി നല്‍കിയത്. എന്നാൽ വാസ്തവ വിരുദ്ധമായ യാതൊന്നും വാര്‍ത്തയിലില്ലെന്നും, ഇന്ത്യയൊട്ടാകെ അഴിമതിക്കാരായ ജനപ്രതിനിധികള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു റിപ്പോര്‍ട്ടിങ് എന്നുമാണ് ചാനല്‍ സംഘം മൊഴി നല്‍കിയിരുന്നത്.