കോഴിക്കോട്: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഐഎൻഎൽ (Indian National League) പാര്‍ട്ടി പ്രവര്‍ത്തകരും വകുപ്പിന്‍റെ കീഴിലുള്ള കോഴിക്കോട്ടെ ബംഗ്ലാവ് ഉപയോഗിക്കുന്നത് വാടക നല്‍കാതെ. ഏഴ് ലക്ഷത്തോളം രൂപ വാടകയിനത്തില്‍ കുടിശ്ശിക ഉണ്ടെന്നാണ് വിവരാവകാശ രേഖ. ഖജനാവിൽ പണമില്ലാതെ സർക്കാർ ശ്വാസം മുട്ടുമ്പോഴാണ് ഒരു മന്ത്രി തന്നെ വാടക അടയ്ക്കാതിരുന്നത്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ബംഗ്ലാവ് ഉപയോഗിക്കാന്‍ പ്രതിദിനം മന്ത്രി 250 രൂപയും ജീവനക്കാര്‍ 100 രൂപയും നൽകണം. എന്നാല്‍ ആളുകളെ കാണാനും വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമാണ് ബംഗ്ലാവ് ഉപയോഗിക്കുന്നത് എന്നാണ് മന്ത്രി ഓഫിസിൻ്റെ വിശദീകരണം.
ഔദ്യോഗിക കാര്യങ്ങള്‍ക്ക് വകുപ്പിന് കീഴിലുള്ള ഏത് കെട്ടിടം ഉപയോഗിക്കുന്നതിനും വാടക നല്‍കേണ്ടതില്ല എന്നാണ് ചട്ടം. എന്നാൽ കോഴിക്കോട് ബീച്ചിലെ പോര്‍ട്ട് ബംഗ്ലാവ് മന്ത്രിയും പരിവാരങ്ങളും ഉപയോഗിക്കുന്നത് സ്വകാര്യ ആവശ്യങ്ങൾക്കായാണ് എന്നാണ് പരാതി. ഐഎന്‍എല്‍ ഔദ്യോഗിക വിഭാഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട സലീം തൈക്കണ്ടിയാണ് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയത്.
ബംഗ്ലാവില്‍ പാര്‍ട്ടി യോഗങ്ങള്‍ കൂടുന്നതിനും താമസിക്കുന്നതിനും മന്ത്രിയും പരിവാരങ്ങളും വാടകയിനത്തില്‍ എത്ര രൂപ തുറമുഖ വകുപ്പിന് നൽകിയെന്നായിരുന്നു ചോദ്യം. വാടക ഒന്നും തന്നെ അടച്ചിട്ടില്ലെന്നാണ് മറുപടി. 2021 ജൂൺ മുതലാണ് ബംഗ്ലാവ് ഉപയോഗിച്ച് വരുന്നത്.
സംഭവം വിവാദമായതോടെ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥനോട് മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് തെറ്റായ മറുപടി നല്‍കിയതിനാണ് ഉദ്യോഗസ്ഥനെതിരെ വിശദീകരണം ചോദിച്ചതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Also read: Pension For Endosulfan Victims പെൻഷനില്ല, മരുന്നുമില്ല.. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത്തവണ കണ്ണീരോണം