കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങി. തങ്ങൾക്ക് നാട്ടിൽ പോകാൻ അവസരമൊരുക്കണമെന്നും ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ നൂറോളം അതിഥി തൊഴിലാളികൾ തടിച്ചുകൂടി. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെ മുക്കം പൊലീസെത്തി ഇവരെ വിരട്ടിയോടിച്ചു. മൂന്ന് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
നാട്ടിൽ പോകാൻ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തിയതാണ് സംഘർഷത്തിന് കാരണമായത്. ചൊവ്വാഴ്‌ച രാവിലെ 9.30ഓടെയാണ് നൂറോളം വരുന്ന തൊഴിലാളികൾ സംഘടിച്ചെത്തിയത്.
മൂന്ന് ദിവസമായി ഭക്ഷണം ലഭിച്ചിട്ടില്ലന്ന് അതിഥി തൊഴിലാളികൾ പറയുന്നു. തങ്ങൾക്ക് ലഭിക്കുന്നത് അരി മാത്രമാണ്, പച്ചക്കറികളും മറ്റും ലഭിക്കുന്നില്ല. ആഴ്‌ചകളോളം പണിക്ക് പോവാൻ സാധിക്കാത്ത സാഹചര്യത്തിൽ പട്ടിണി സഹിച്ച് ഇനിയും കഴിയാനാവില്ലന്നും ഇവർ പറയുന്നു.
കഴിഞ്ഞ ദിവസം ജില്ലാ കലക്‌ടർ തദ്ദേശ സ്ഥാപന പ്രസിഡൻ്റുമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ജോലിക്ക് പോകാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അനുമതി നൽകിയിരുന്നു. അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിൽ എത്തിച്ച സംഭവത്തിൽ മൂന്ന് അതിഥി തൊഴിലാളികൾക്കെതിരെ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർ നാട്ടിലേക്ക് മടങ്ങിയതിൻ്റെ മാനസിക സംഘർഷത്തെ തുടർന്നാണ് ഇത്തരത്തിൽ അതിഥി തൊഴിലാളികൾ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതേ തുടർന്ന് ഇവരുടെ ക്യാമ്പുകളിലെത്തി ബോധവൽക്കരണവും നൽകുന്നുണ്ട്.