കോഴിക്കോട്: കട്ടിപ്പാറയിൽ ആദിവാസി സ്‌ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കാക്കണഞ്ചേരി സ്വദേശി ലീലയെയാണ് (53) മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുടെ ഭർത്താവ് രാജനടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ താമരശേരി പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.
ലീലയുടെ മകൻ വേണുവിനെ കൊലപ്പെടുത്തിയ കേസിലും രാജൻ പ്രതിയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ലീലയെ കാണാതായിട്ട്. കോളനിയോട് ചേർന്ന പ്രദേശങ്ങളിൽ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, താമരശേരി ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയെ തുടർന്നാണ് തെരച്ചിൽ ഊർജിതമാക്കിയത്.
ചൊവ്വാഴ്‌ചയാണ് (ഏപ്രില്‍ 25) ലീലയുടെ മൃതദേഹം കാക്കണഞ്ചേരി പ്രദേശത്തിന് സമീപത്തെ ഉൾവനത്തിൽ കണ്ടെത്തിയത്. അസ്ഥിക്കൂടമായ അവസ്ഥയിലായിരുന്നു മൃതദേഹം. ലീലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും.