കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്രാപ്രദേശ് സ്വദേശി റഫീക്ക് (23) ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂന്നു വയസില്‍ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇയാൾ ചില്‍ഡ്രൻസ് ഹോമിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പലയിടത്തായി ജീവിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് മംഗളൂരു തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിൽ നിന്ന് കൊയിലാണ്ടിക്കടുത്ത് ആനക്കുളം റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് ശിവഗംഗ സ്വദേശിയായ സോനു മുത്തു(48) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല.
ശേഷം അന്വേഷണ സംഘം സംഭവ സ്ഥലത്തു നിന്ന് രക്തത്തിന്‍റെയും മുടിയുടേയും സാമ്പിളുകൾ ശേഖരിക്കുകയും റെയിൽവേ ജീവനക്കാരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഐ.ആർ പി സിഐ സുധീർ മനോഹർ, സൈന്‍റിഫിക് ഓഫീസർ നബില കെ വി എന്നിവരായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇതിനിടയിലാണ് ട്രെയിനിലെ സഹയാത്രികർ എടുത്ത വീഡിയോ ദൃശ്യങ്ങളും പൊലീസ് പങ്കുവെച്ച ഫോട്ടോയും കണ്ട് ചില്‍ഡ്രൻസ് ഹോം സൂപ്രണ്ടാണ് റഫീക്കിനെ തിരിച്ചറിഞ്ഞത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സോനു മുത്തുവും റഫീക്കും ട്രെയിനിന്‍റെ വാതില്‍പ്പടിയില്‍ നിന്ന് പരസ്‌പരം തർക്കിക്കുന്ന ദൃശ്യങ്ങൾ ഇടിവി ഭാരതും വാർത്തയായി നേരത്തെ നല്‍കിയിരുന്നു.
ഈ തർക്കത്തിനൊടുവില്‍ സോനു മുത്തു റഫീക്കിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ചിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്നും അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ അറിയില്ലെന്നുമായിരുന്നു സോനു മുത്തുവിന്‍റെ മൊഴി. കാഞ്ഞങ്ങാട് ബാർബർ ഷോപ്പ് നടത്തുന്ന സോനു മുത്തു കടയിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങിക്കാൻ കൊയമ്പത്തൂരിലേയ്ക്ക് പോകും വഴിയാണ് വാക്കേറ്റമുണ്ടായത്.
also read: കുട്ടികളെ ശരീരത്തിൽ ചേർത്തു കെട്ടി കല്ലടയാറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്‌തു
കോഴിക്കോട് മെഡില്‍ക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന റഫീക്കിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ട്രെയിൻ യാത്രകർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ നിരവധിയാണ് അടുത്തകാലങ്ങളിലായി റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഫെബ്രുവരി മൂന്നിനാണ് കോഴിക്കോട് വടകരയിൽ ഓടുന്ന ട്രെയിനിൽ നിന്ന് സുഹൃത്ത് തള്ളിയിട്ടതിനെ തുടർന്ന് അസം സ്വദേശി മരിച്ചത്. തിരുവനന്തപുരത്ത് ടെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതികൾക്ക് നേരെ നഗ്‌നദ പ്രദർശനം നടത്തിയതിന് കരുനാഗപ്പിള്ളി സ്വദേശിയെ കഴിഞ്ഞ നവംബറിലും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
also read: വടകരയിൽ ട്രെയിനില്‍ നിന്നും തള്ളിയിട്ട് സുഹൃത്തിനെ കൊന്നു, അസം സ്വദേശി പിടിയില്‍