കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ ഒരാളെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. തൂണേരിയിലെ വാരാക്കണ്ടിയിൽ മുനീർ (28) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുടവന്തേരി സ്വദേശി മേക്കര താഴെ കുനി എം.ടി.കെ.അഹമ്മദ് (53) നെയാണ് കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ കാറിൽ തട്ടി ക്കൊണ്ട് പോയത്.
വീടിന് സമീപത്തെ എണവള്ളൂർ പള്ളിയിൽ നിസ്ക്കാരത്തിന് സ്ക്കൂട്ടറിൽ സഞ്ചരിക്കവെ സ്ക്കൂട്ടർ തടഞ്ഞ് നിർത്തി കാറിലെത്തിയ സംഘം ബലമായി കാറിൽ പിടിച്ചു കയറ്റി കൊണ്ടു പോകുകയും പിന്നീട് അക്രമി സംഘം ഇയാളെ വിട്ടയക്കുകയുമാണ് ഉണ്ടായത്. അഹമ്മദിനെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ സംഘത്തിന് പ്രാദേശിക സഹായം ചെയ്ത് കൊടുത്തത് മുനീർ ആണെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് തവണ അഹമ്മദിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയിരുന്നു. വെള്ളിയാഴ്ച്ച ജുമ നമസ്കാരത്തിന് ശേഷം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും അഹമ്മദിന്‍റെ കൂടെ പേരമക്കൾ ഉണ്ടായിരുന്നതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ശനിയാഴ്ച്ച പുലർച്ചെ തട്ടിക്കൊണ്ട് പോയത്. ദുബായ്, ഷാർജ കേന്ദ്രീകരിച്ചുള്ള സംഘത്തിന് പ്രതി മൊബൈൽ സന്ദേശങ്ങൾ കൈമാറിയിരുന്നു. ഫോണിൽ നിന്ന് ഒഴിവാക്കിയ ചില സന്ദേശങ്ങൾ പൊലീസ് വീണ്ടെടുക്കുകയുണ്ടായി. ഒഴിവാക്കിയ കൂടുതൽ വിവരങ്ങൾ കണ്ടെടുക്കാൻ ഫോണിൽ വിദഗ്ദ പരിശോധന നടത്തി വരികയാണ്. അഹമ്മദിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറിന്‍റെ നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കാസർകോട് സ്വദേശിയുടെ ഇന്നോവ കാറിന്‍റെ നമ്പറാണ് വ്യാജ നമ്പറായി ഉപയോഗിച്ചത്. നേരത്തെ കാസർകോട്, മലപ്പുറം കേന്ദ്രീകരിച്ചിരുന്ന ക്വട്ടേഷൻ സംഘം ഇപ്പോൾ വിദേശത്താണ് ഉള്ളത്. ഇവർക്കാണ് പ്രതി അഹമ്മദിന്‍റെ വിവരങ്ങൾ കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പി ഷാജ് ജോസിന്‍റെ നേതൃത്വത്തിൽ സിഐ എൻ.കെ.സത്യനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.