കോഴിക്കോട്: എൽജെഡി (LJD) ആർജെഡിയിൽ (RJD) ലയിക്കാൻ അന്തിമ തീരുമാനമായി. കോഴിക്കോട് (Kozhikode) ചേർന്ന എൽജെഡി സംസ്ഥാന കൗൺസിൽ (LJD State Council) യോഗമാണ് സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നൽകിയത്. ഒക്ടോബർ രണ്ടാം വാരം കോഴിക്കോട് സ്വപ്‌ന നഗരിയിൽ ലയന സമ്മേളനം നടക്കും.
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ (Lalu Prasad Yadav) സമ്മേളനത്തിലേക്ക് എത്തിക്കാനാണ് നീക്കം. ബിഹാർ ഉപമുഖ്യമന്ത്രിയും (Bihar Deputy Chief Minister) ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവും (Tejashwi Prasad Yadav) ലയന സമ്മേളനത്തിൽ പങ്കെടുക്കും.
ലയന തീരുമാനം മുമ്പ്: നേരത്തെ ജെഡിഎസുമായി ലയിക്കാൻ തീരുമാനിച്ച എൽജെഡി കർണാടകയിലെ നയം മാറ്റത്തിന് പിന്നാലെ പിന്മാറുകയായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി - ജെഡിഎസ് സഖ്യത്തിന് ധാരണയായതോടെയാണ് എൽജെഡി കൗൺസിൽ ചേർന്ന് ലയന തിയതി തീരുമാനിച്ചത്. ദേശീയ അംഗീകാരമുള്ള പാർട്ടിയുമായി ലയിച്ച് മുന്നേറാൻ എൽജെഡി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ ജെഡിഎസ് കേരള ഘടകം ഇതിനോട് വിമുഖത കാണിച്ചതോടെ തീരുമാനം നീണ്ടുപോവുകയായിന്നു.
കേരളത്തിൽ എൽഡിഎഫിൻ്റെ ഭാഗമാണ് നിലവിൽ എൽജെഡിയും ജെഡിഎസും. എൽജെഡി ലയിക്കുന്നത് ഇന്ത്യ മുന്നണിയുടെ ഭാഗമായ പാർട്ടിയിൽ തന്നെ ആയതുകൊണ്ട് ഭാവി സുരക്ഷിതമാണ്. അതേസമയം ദേശീയ നേതൃത്വത്തിൻ്റെ തീരുമാനത്തോട് ഒരിക്കലും യോജിച്ച് പോകാൻ കഴിയില്ല എന്നാണ് ജെഡിഎസ് കേരള ഘടകത്തിൻ്റെ തീരുമാനം. വിഘടിച്ച് നിന്നാൽ ദേശീയ അംഗീകാരമടക്കം നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി മാറും.
കൂടിയാലോചിച്ചതിന് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ സെപ്റ്റംബർ 12 ന് തിരുവനന്തപുരത്ത് യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. അതിന് ശേഷം തീരുമാനമറിയിക്കുമെന്നും കൃഷ്‌ണൻകുട്ടി പറഞ്ഞു.
എന്തായാലും ബിജെപിയുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സോഷ്യലിസ്‌റ്റുകളായ ഞങ്ങൾ ഉണ്ടാവില്ലെന്ന തീരുമാനത്തിൽ ജെഡിഎസ് ഉറച്ച് നിൽക്കുമ്പോൾ ഭാവി ഭദ്രമാക്കാൻ ഒരു തീരുമാനം എടുത്തേ മതിയാകൂ. എന്നാൽ ആർജെഡിയിലേക്ക് ക്ഷണിക്കാൻ തങ്ങളായിട്ട് മുൻകൈ എടുക്കില്ല എന്നാണ് ഒരു മുതിർന്ന എൽജെഡി നേതാവ് വ്യക്തമാക്കിയത്.