കോഴിക്കോട്: വാറ്റ് ചാരായവും ഉപകരണങ്ങളും പിടിച്ചെടുത്തു. ചെറുപ്പ മലപ്രത്തുനിന്നുമാണ് വാറ്റും വാറ്റ് ഉപകരണങ്ങളും കുന്നമംഗലം എക്സൈസ് സംഘം പിടികൂടിയത്. മലപ്രത്തെ ജലസംഭരണിക്കു സമീപമുള്ള പറമ്പിൽ നിന്നാണ് ബാരലിൽ സൂക്ഷിച്ച 120 ലിറ്റർ വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. എട്ട് കുപ്പി വിദേശമദ്യവും ഒരു സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ പ്രദേശത്തു നിന്നും കണ്ടത്തിയിട്ടുണ്ട്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷിന്റെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മാവൂർ-പെരുവയൽ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മലപ്രം, ചാത്തമംഗലം, വെള്ളന്നൂർ ഭാഗങ്ങളിലും ചാരായം വാറ്റ് നടക്കുന്നതായി സൂചനയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും. പൊതു സ്ഥലത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ചാരായം വാറ്റ് നടക്കുന്നത്.
രാത്രിസമയങ്ങളിൽ ഓട്ടോയിലാണ് സാധനങ്ങൾ എത്തിക്കുന്നത്. കൂടാതെ മറ്റ് സ്ഥലങ്ങളിലേക്ക് ചാരായം കൊണ്ട് പോകുന്നതായി പ്രദേശവാസികൾ പറയുന്നു. പ്രിവന്റീവ് ഓഫിസിർ പി. പ്രിയഞ്ചൻ ദാസ്, സിവിൽ എക്സൈസ് ഓഫിസർ കെ. സുജീഷ്, വനിത എക്സൈസ് ഓഫിസർ കെ. എസ് ലതമോൾ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.