കോഴിക്കോട്: കഴിഞ്ഞ ദിവസം വടകരയിൽ പൊലീസ് പിടിയിലായ കുഴൽപണം തട്ടുന്ന സംഘത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡി അപേക്ഷ നാളെ പൊലീസ് വടകര കോടതിയിൽ നൽകും. കണ്ണൂർ ഏച്ചൂരിലെ ചാലിൽ വീട്ടിൽ അശ്വന്ത് ,തലശ്ശേരിധർമ്മടം കിഴക്കേപാല യാട്ടെ നിഷ്, വാഴയിൽ ഹൌസിൽ ഷിജിൻ, കൃഷ്ണ രാധയിൽ സജീവൻ, പാലയാട് ശ്രീപാദത്തിൽ ഷംജിത്ത് എന്നിവരാണ് കുഴൽപണം തട്ടിയെടുക്കുന്നതിനിടെ അറസ്റ്റിലായത്.
ഓട്ടോറിക്ഷയുടെ രജിസ്ട്രേഷൻ നമ്പറിൽ കാർ ഓടുന്നതായ വിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം റോഡിൽ കാർ കണ്ട് നിർത്താൻ ആവശ്യപ്പെടുകയും നിർത്താതെ പോയ കാർ പിൻതുടരുകയുമായിരുന്നു. മാരുതി സ്വിഫ്റ്റ് കാറിനെ വടകര മുതല്‍ മുയിപ്പോത്ത് വരെ പൊലീസ് പിന്തുടര്‍ന്നിരുന്നു ഒടുവില്‍ ചെറുവണ്ണൂരിനടുത്ത് റോഡരികില്‍ നിയന്ത്രണം വിട്ട് ഇടിച്ച് നിന്ന കാറില്‍ നിന്ന് പൊലീസ് നാല് പേരെ പിടികൂടി. ഇതിനിടയിൽ ഒരാള്‍ ഇറങ്ങി ഓടിയെങ്കിലും ഇയാളെയും പൊലീസ് പിടികൂടി. സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെണ് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്. അറസ്റ്റിലായവരിൽ സജീവൻ നേരത്തെ മദ്യക്കടത്ത്, കുഴൽപണ ഇടപാടുകാരെ റാഞ്ചൽ തുടങ്ങിയ കുറ്റകൃത്യത്തിന് പിടിയിലായിരുന്നതായി പൊലീസ് വെളിപ്പെടുത്തി. വടകര സിഐ അബ്ദുല്‍കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.