കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ പുറത്താക്കിയ നടപടിക്കെതിരെ വീണ്ടും പ്രതിഷേധത്തിന് സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍. ചൊവ്വാഴ്‌ച ജില്ലയിലെ സര്‍ക്കാര്‍ ഡോക്‌ടര്‍മാരോട് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാൻ കെജിഎംഒഎ ആഹ്വാനം ചെയ്‌തു. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ വീഴ്‌ചയുമായി ബന്ധപ്പെട്ടാണ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്‌തിരുന്നത്.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡോക്‌ടര്‍മാര്‍ ഒ.പി ബഹിഷ്‌കരണം നടത്തിയിരുന്നു. സൂപ്രണ്ടിനെതിരായ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കും എന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചിരുന്നത്. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡോക്‌ടര്‍മാരുടെ പുതിയ നീക്കം.
Also read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു
കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്‌പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് രാത്രി പുറത്തുകടന്നത്. ഇത് സൂപ്രണ്ടിൻ്റെ വീഴ്‌ചയാണെന്ന് കാണിച്ചാണ് ഡോ: കെ.സി രമേശനെ സസ്പെന്‍ഡ് ചെയ്‌തത്.