കോഴിക്കോട്: മണ്ണും മനവുമൊന്നായി പൂട്ടുകണ്ടത്തിൽ ആവേശത്തിന്‍റെ പുതിയ വേഗമാനങ്ങൾ തീർത്ത് പെരുമണ്ണയിലെ കാളപൂട്ട് മത്സരം. നാടിന്‍റെ സംസ്‌കൃതിയുടെ അടയാളപ്പെടുത്തലായി മുല്ലവണ്ണ കാളപൂട്ട് കണ്ടത്തിൽ ഉയർന്ന ആരവങ്ങൾക്ക് സാക്ഷിയാകാൻ മലബാറിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് എത്തിയത്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പെരുമണ്ണ മുല്ലവണ്ണ കാളപൂട്ട് കണ്ടത്തിലൊരുക്കിയ മത്സരം ഒരിക്കൽകൂടി നാടിന്‍റെ ചരിത്രത്തിലിടം പിടിക്കുന്നതായി. കഴിഞ്ഞ ദിവസം ഇവിടെയൊരുക്കിയ കെട്ടിത്തൊളി മണ്ടിത്തൊളി മത്സരത്തിന് പിന്നാലെയാണ് കാളപൂട്ട് മത്സരം സംഘടിപ്പിച്ചത്.
ജനകീയ കാളപൂട്ട് കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 51 ജോടി കാളകളാണ് പങ്കെടുത്തത്. വഴിക്കടവ് പുല്ലാണി അഷ്റഫ് തണ്ണിക്കടവിന്‍റെ കാളകൾ ഒന്നാം സ്ഥാനം നേടി. കോട്ട ആലിക്കുട്ടി കുഴിമണ്ണ കീഴിശ്ശേരി ടീമിന്‍റെ കാളകൾ രണ്ടാം സ്ഥാനവും ഇളയേടത്ത് ഷാഫി കല്ലുങ്ങൽ പുല്ലൂര് ടീമിന്‍റെ കാളകൾ മൂന്നാം സ്ഥാനവും നേടി. രാവിലെ തുടങ്ങിയ മത്സരങ്ങൾ വൈകിട്ടാണ് അവസാനിച്ചത്.