കോഴിക്കോട്: കുറ്റിക്കാട്ടൂരിന് സമീപം പൈങ്ങോട്ടുപുറത്തു നിന്നും കാണാതായ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. പൈങ്ങോട്ടുപുറം പറച്ചേരി പൊറ്റയിൽ വാടകയ്‌ക്ക് താമസിക്കുന്ന സൈനബയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കസബ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗൂഡല്ലൂരിന് സമീപം നാടുകാണി ചുരത്തിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.
സൈനബയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സംഭവം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. തുടർന്ന് ഒരാളെ കസ്റ്റഡിയിൽ എടുകികുകയും ചെയ്‌തിരുന്നു. ഈ മാസം ഏഴാം തീയതി വൈകുന്നേരം മുതലാണ് സൈനബയെ കാണാതായത്.
കുറ്റിക്കാട്ടൂരിലെ വാടകവീട്ടിൽ നിന്ന് രാവിലെ കോഴിക്കോട് പുതിയ സ്റ്റാൻഡിന് സമീപമുള്ള പർദ്ദ ഷോപ്പിലേക്ക് എന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും പോയത്. പിന്നീട് വൈകുന്നേരം അഞ്ചുമണിയോടെ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഇവർ വീട്ടിലേക്ക് തിരിച്ചെത്തിരുന്നില്ല. തുടർന്ന് ഭർത്താവ് ജയിംസ് എന്ന മുഹമ്മദലി പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. താനൂർ സ്വദേശിയായ സമദിനെയാണ് കോഴിക്കോട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
പുതിയ സ്റ്റാൻഡ് പരിസരത്തു നിന്നും സൈനബയെ കാറിൽ കയറ്റിക്കൊണ്ടുപോയി മുക്കത്തിന് സമീപത്തുവച്ച് കഴുത്തിൽ ഷാൾ മുറുക്കി കൊന്ന ശേഷം മുതദേഹം നാടുകാണി ചുരത്തിന് താഴെ കൊണ്ടിടുകയായിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നാടുകാണി ചുരത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം കൊലപാതകത്തിൽ ഉൾപ്പെട്ട ഗൂഡല്ലൂർ സ്വദേശിയായ സുലൈമാനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൈനബയുടെ കഴുത്തിലുള്ള 17 പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കാനായിരുന്നു പ്രതികൾ ഇവരെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ആഭരണങ്ങൾ വിൽപന നടത്തുകയും പണം വീതിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തോളമായി പൈങ്ങോട്ടുപുറത്തെ പറച്ചേരിപ്പറ്റയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സൈനബയും ഭർത്താവായ മുഹമ്മദലിയും. അതേസമയം നാടുകാണി ചുരത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊലീസിന്‍റെ തുടർ നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. കൂടുതൽ തെളിവെടുപ്പിനും ശാസ്‌ത്രീയ പരിശോധനക്കും ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക.
READ ALSO: കൂട്ടുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി : മലപ്പുറം സ്വദേശിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍