കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വൈറലായ മെസ്സി, നെയ്‌മര്‍ കട്ടൗട്ടുകൾക്കെതിരെ നടപടി. കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച താരങ്ങളുടെ കട്ടൗട്ടുകൾ എടുത്തുമാറ്റാനാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്. ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയാണ് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയത്.
പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ചതിനെതിരെ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി. പുഴയിൽനിന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഇതു നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി ഓലിക്കൽ ഗഫൂർ നിർദേശം പുറത്തിറക്കിയത്. ഖത്തർ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു ആരാധകരുടെ ഫ്ലക്‌സ് പോര്.
അർജന്‍റീന ആരാധകരാണ് ആദ്യമായി ലയണൽ മെസ്സിയുടെ കട്ടൗട്ട് പുഴയിൽ സ്ഥാപിച്ചത്. 30 അടി പൊക്കത്തിലുള്ള മെസ്സി കട്ടൗട്ട് അന്താരാഷ്‌ട്ര മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബ്രസീൽ ആരാധകർ നെയ്‌മറിന്‍റെ 40 അടി പൊക്കമുള്ള കട്ടൗട്ട് ഇതിന് തൊട്ടടുത്ത് സ്ഥാപിച്ചത്. ഇതും ദേശീയ, അന്താരാഷ്‌ട്ര തലത്തിലും സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.