കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പീഡനപരാതി ഇല്ലാതാക്കാൻ അഞ്ച് വനിത ജീവനക്കാർ ചേർന്ന് പരാതിക്കാരിയായ രോഗിക്കുമേൽ ഭീഷണിയും സമ്മർദവും ചെലുത്തിയെന്നാണ് കുറ്റപത്രം.
കുറ്റപത്രത്തില്‍ എന്തെല്ലാം: പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി ഉൾപ്പെടെ മാറ്റാൻ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. പീഡന പരാതി നൽകിയ യുവതിയുടെ മൊഴി തിരുത്താൻ സമ്മർദം ചെലുത്തിയ ഈ അഞ്ചുപേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഒരു നഴ്‌സിങ് അസിസ്‌റ്റന്‍റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കുമെതിരെയാണ് കേസുണ്ടായിരുന്നത്. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.
തിരിച്ചെടുത്തു, പിന്നീട് തിരുത്തി: സസ്പെൻഷനിലായിരുന്ന ജീവനക്കാരെ തിരിച്ചെടുത്തുകൊണ്ട് പ്രിൻസിപ്പാള്‍ ഉത്തരവിറക്കിയിരുന്നു. ഇവർക്കെതിരെ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ന്യായീകരണം. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും പ്രിൻസിപ്പാളിൻ്റെ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ നടപടിക്കെതിരെ പരാതിക്കാരി സിറ്റി പൊലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പിന്നാലെ ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പ്രിൻസിപ്പാള്‍ ഉത്തരവ് മരവിപ്പിച്ച് പുതിയ ഉത്തരവിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സംഭവം ഇങ്ങനെ: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരൻ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞു തിരികെവന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്‌സിനോട് യുവതി കാര്യം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിൽ റിമാന്‍ഡിലായ പ്രതിയെ ആശുപത്രിയിൽ നിന്ന് സസ്‌പന്‍ഡ് ചെയ്‌തിരുന്നു.
ലഹരി നല്‍കി പീഡനം: അടുത്തിടെ കോളജ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയിലായിരുന്നു. കല്‍പ്പറ്റ സ്വദേശി ജിനാഫാണ് പൊലീസ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. പീഡനത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ താമരശേരി ചുരം ഒമ്പതാംവളവില്‍ ഉപേക്ഷിക്കുകയായിരുന്നു. വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലഹരിവസ്‌തു നല്‍കി പീഡിപ്പിച്ചതായാണ് യുവതി നല്‍കിയ മൊഴി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായും തെളിഞ്ഞിരുന്നു.
താമരശേരിയിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് പരാതിക്കാരിയായ യുവതി. വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് യുവതി ഹോസ്‌റ്റലില്‍ നിന്ന് ഇറങ്ങിയിരുന്നത്. വീട്ടിലെത്താതായതോടെ പിതാവ് പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. യുവതിക്ക് പ്രതിയെ മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ ഇരുവരും നേരത്തെ എത്തിയതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിയുടെ പേര് വിവരങ്ങള്‍ മനസിലാക്കിയ പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഇയാള്‍ വയനാട്ടിലുണ്ടെന്ന് അറിഞ്ഞ് പൊലീസ് എത്തുമ്പോഴേയ്‌ക്കും ഇയാള്‍ അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ്‌നാട്ടില്‍ വച്ച് പിടിയിലാകുന്നത്.