കോഴിക്കോട്: മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ രോഗിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സസ്പെൻഷനിലായ ജീവനക്കാരെ തിരിച്ചെടുത്ത നടപടിക്കെതിരെ പരാതിക്കാരി. മൊഴിമാറ്റാൻ ശ്രമിച്ച അഞ്ച് പ്രതികളെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. തന്‍റെ മൊഴി രേഖപ്പെടുത്താതെയാണ് ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി പ്രതികളെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി.
സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് എസിപിക്ക് നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തൈറോയ്‌ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയേയാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇയാൾക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിത അറ്റന്‍ഡര്‍മാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയത്. യുവതി നൽകിയ പരാതിയെ തുടർന്ന് അന്വേഷണ വിധേയമായി ഇവരെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. ആഭ്യന്തര അന്വേഷണത്തിന് തുടക്കമിടുകയും ചെയ്‌തു.
'അന്തിമ റിപ്പോർട്ട് ഇതുവരെയും വന്നിട്ടില്ല': ജീവനക്കാരുടെ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല എന്നാണ് ന്യായീകരണം. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും പ്രിൻസിപ്പലിൻ്റെ ഉത്തരവ്. പീഡന പരാതി നൽകിയ യുവതിയുടെ മൊഴി തിരുത്താൻ സമ്മർദം ചെലുത്തിയ ഈ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഒരു നഴ്‌സിങ് അസിസ്റ്റന്‍റ്, ഒരു ഗ്രേഡ് - രണ്ട് അറ്റൻഡർ, മൂന്ന് ഗ്രേഡ് - ഒന്ന് അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ പൊലീസിൻ്റെ അന്തിമ റിപ്പോർട്ട് ഇതുവരെയും വന്നിട്ടില്ല.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരൻ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്. ഇതിനുശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞ് തിരികെവന്നാണ് പീഡിപ്പിച്ചെതെന്നായിരുന്നു പരാതി.
ശസ്ത്രക്രിയക്കു വേണ്ടി യുവതിക്ക് അനസ്തേഷ്യ നൽകിയിരുന്നു. ഇക്കാരണം കൊണ്ട് മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്‌സിനോട് കാര്യം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. കേസിൽ റിമാന്‍ഡിലായ പ്രതിയെ ആശുപത്രിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു.
ജീവനക്കാരെ തിരിച്ചെടുത്തു: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ പീഡനത്തിനിരയായ രോഗിയുടെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ജീവനക്കാരെ ജൂണ്‍ ഒന്നിനാണ് തിരിച്ചെടുത്തത്. ഒരു നഴ്‌സിങ് അസിസ്റ്റന്‍റ്, ഒരു ഗ്രേഡ് - രണ്ട് അറ്റൻഡർ, മൂന്ന് ഗ്രേഡ് - ഒന്ന് അറ്റൻഡർമാർ എന്നിവരെയാണ് തിരിച്ചെടുത്തത്. നിലവില്‍ ജീവനക്കാര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതരുടെ നടപടി. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
READ MORE | മെഡിക്കല്‍ കോളജിലെ പീഡനം: ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു