കോഴിക്കോട് : ഓർമശക്തിയുടെ കാര്യത്തിൽ അത്ഭുതമാണ് മൂന്ന് വയസുകാരൻ ത്രിലോക്. ഓർമശക്തിയിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ ത്രിലോകിനെ തേടി കലാംസ് വേൾഡ് റെക്കോഡ്‌സും എത്തിയിരിക്കുകയാണ്. രണ്ട് വയസും എട്ട് മാസവും മാത്രം പ്രായമുള്ളപ്പോള്‍ ആദ്യ റെക്കോഡ് നേടിയതിന് തൊട്ട് പിന്നാലെയാണ് കലാംസ് വേൾഡ് റെക്കോഡ്‌സിലും ഈ മിടുക്കന്‍ ഇടം പിടിച്ചത്.
ഒക്‌ടോബർ 15ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ത്രിലോക് പുരസ്‌കാരം ഏറ്റുവാങ്ങും. രാജ്യങ്ങളുടെ പതാകകള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, മലയാള കവികള്‍ എന്നിങ്ങനെയുള്ള ഏത് ചിത്രങ്ങള്‍ കാണിച്ചാലും ഞൊടിയിടയില്‍ ത്രിലോക് പേര് പറയും. കോഴിക്കോട് കൊയിലാണ്ടി അണേലക്കടവ് സ്വദേശികളായ അഖിലേഷിന്‍റെയും സനിഷയുടെയും മകനാണ് ഈ കുഞ്ഞുപ്രതിഭ.
ഒന്നര വയസ് കഴിഞ്ഞപ്പോൾ തന്നെ ശബ്‌ദങ്ങൾ തിരിച്ചറിഞ്ഞ് ആളുകളുടെ പേര് പറയുമായിരുന്നു ഈ കൊച്ചുമിടുക്കൻ. അച്ഛനും അമ്മയും ജോലിക്കായി പുറത്തു പോകുമ്പോൾ അച്ഛമ്മ അനിതയായിരുന്നു ത്രിലോകിന് കൂട്ട്. ഒരു ദിവസം കുട്ടിയുടെ ഇളയച്ഛൻ കൊണ്ടുവന്ന ഫോട്ടോ ആൽബം കണ്ടുപഠിക്കാൻ ശ്രമം നടത്തിയതോടെയാണ് വീട്ടുകാർ ത്രിലോകിന്‍റെ കഴിവ് മനസിലാക്കിയത്. പിന്നാലെ നിരവധി ഫോട്ടോകൾ പരിചയപ്പെടുത്തിക്കൊടുത്തു.
കേരളത്തിലെ 12 മുഖ്യമന്ത്രിമാർ, കമ്പ്യൂട്ടറിലെ 12 ഭാഗങ്ങൾ, 12 വീതം നിറങ്ങൾ, വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ, 34 പക്ഷികൾ, 24 വാഹനങ്ങൾ, പഴം, പച്ചക്കറികൾ എന്നിവയുടെയെല്ലാം ചിത്രങ്ങൾ കണ്ട് മനസിലാക്കി മലയാളത്തിലും ഇംഗ്ലീഷിലും പേര് പറഞ്ഞാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് സ്വന്തമാക്കിയത്. ഒന്ന് മുതൽ 2000 വരെയുള്ള ഇന്ത്യൻ കറൻസികൾ മുതല്‍ ലോകത്തിലെ 24 നേതാക്കളുടെ ചിത്രങ്ങൾ വരെ തിരിച്ചറിഞ്ഞ് 27 ഇനങ്ങളിൽ ശരിയുത്തരം പറഞ്ഞ് ത്രിലോക് കലാംസ് വേൾഡ് റെക്കോഡ്‌സിലും ഇടം പിടിച്ചു.
ഓരോ ചിത്രങ്ങൾക്ക് നേരെയുമുള്ള പേരുകൾ മറച്ചുവച്ചായിരുന്നു മത്സരം. എല്ലാം തെറ്റുകൂടാതെ ത്രിലോക് അവതരിപ്പിച്ചു. മൊബൈൽ ഫോണ്‍ ഉപയോഗത്തില്‍ നിന്നും ടെലിവിഷൻ പരിപാടികൾ കാണുന്നതിൽ നിന്നും ത്രിലോകിനെ മാറ്റി നിർത്തിയതോടെയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് വീട്ടുകാർ പറയുന്നു. എല്ലാം കണ്ടും കേട്ടും ഹൃദിസ്‌തമാക്കുന്ന വീട്ടുകാരുടെ സ്വന്തം 'കുഞ്ഞപ്പൻ' റെക്കോഡുകളിലൂടെ താരമാകുകയാണ്.