കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ അഞ്ച് വര്‍ഷം മുമ്പ് ശസ്‌ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തെ കുറിച്ച് ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. അതിനാണ് വിശദമായ ശാസ്‌ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.
ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്‌ത്രക്രിയയ്ക്ക് വിധേയമായ സ്‌ത്രീയുടെ പക്ഷത്ത് നിന്ന് തന്നെയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് സ്പെഷ്യല്‍ ഓഫിസര്‍ കോര്‍ഡിനേറ്ററായ അന്വേഷണ സംഘം നേരത്തെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. രണ്ടാഴ്ച മുമ്പ് കിട്ടിയ റിപ്പോര്‍ട്ട് അംഗീകരിക്കാത്തത് വ്യക്തതയ്ക്ക് വേണ്ടിയാണെന്നും മന്ത്രി അറിയിച്ചു.
ഉപകരണം വയറില്‍ വന്നതെങ്ങനെയാണ്, ഉപകരണത്തിന് എത്ര വര്‍ഷം പഴക്കമുണ്ട് എന്നതുള്‍പ്പെടെ ശാസ്‌ത്രീയമായി കണ്ടെത്തിയുള്ള റിപ്പോര്‍ട്ട് അല്ല നല്‍കിയിട്ടുള്ളത്. ഇക്കാര്യങ്ങളില്‍ വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്‌ത്രക്രിയക്കിടെയാണ് ഡോക്‌ടറുമാര്‍ അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറിനുളളില്‍ കത്രിക മറന്നുവച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങിലാണ് മൂത്രസഞ്ചിയില്‍ ശസ്‌ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്.