കോഴിക്കോട് : നഗരമധ്യത്തില്‍ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പിലാത്തറ സ്വദേശി ഇക്ബാലാണ് പിടിയിലായത്. സ്വര്‍ണം മൊത്തമായി വാങ്ങാനെത്തിയ വ്യാപാരികളില്‍ നിന്നാണ് തിങ്കള്‍ വൈകിട്ട് പൊലീസ് ചമഞ്ഞെത്തിയ സംഘം പണം തട്ടിയത്.
കോഴിക്കോട് നഗരത്തിലെ എമറാള്‍ഡ് മാളിലെ മുറിയില്‍ നിന്നായിരുന്നു സംഘം കവര്‍ച്ചനടത്തിയത്. സ്വര്‍ണം വാങ്ങാനെത്തിയ വ്യാപാരികള്‍ ഈ മുറിയില്‍ ഉണ്ടെന്നറിഞ്ഞെത്തിയ സംഘം, ക്രൈംബ്രാഞ്ച് ആണെന്ന് പറഞ്ഞാണ് അകത്ത് കയറിയത്. ഇതില്‍ ഒരാള്‍ നടക്കാവ് സി.ഐ ആണെന്നും പറഞ്ഞു.
മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു : പണമടങ്ങുന്ന ബാഗ് കൈക്കലാക്കി രേഖ ആവശ്യപ്പെട്ടു. സംഘത്തിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വ്യാപാരികള്‍ ബഹളം വച്ചു. ഇതോടെ പിടിവലിയായി. കവര്‍ച്ച സംഘത്തിലെ ഒരാള്‍ ബാഗുമായി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി കടന്നുകളഞ്ഞു. മറ്റ് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.
സി.ഐ ആയെത്തിയ ആളെയാണ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. വ്യാപാരികളുടെ പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസ് കീഴ്‌പ്പെടുത്തിയ ആളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 25 ലക്ഷം രൂപയ്ക്ക് സ്വര്‍ണം വാങ്ങാനാണ് വ്യാപാരികള്‍ നഗരത്തിലെത്തിയത്. ഇവരുടെ പണത്തിന്‍റെ രേഖകളും മറ്റും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. പിടിയിലായ ഇക്ബാലിന് കണ്ണൂര്‍ ജില്ലയില്‍ ഒട്ടേറെ കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഓടിപ്പോയ നാല് പേര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. പരാതിക്കാരോട് പണത്തിന്‍റെ രേഖകള്‍ ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടു.