കോഴിക്കോട്/തിരുവനന്തപുരം: കൂടത്തായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. ഇതിന്‍റെ ഭാഗമായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തില്‍നിന്ന് 35 ആക്കി വര്‍ധിപ്പിച്ചു. ഉത്തരമേഖല ഐ.ജി അശോക് യാദവിനാണ് മേല്‍നോട്ടച്ചുമതല. അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്നതിന് ഐ.സി.റ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെയും നിയോഗിക്കാനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂര്‍ കേരളാ പൊലീസ് അക്കാദമിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയും ജോയിന്‍റ് ഡയറക്ടറുമായ ഷാജി പി എന്നിവരാണ് സാങ്കേതിക സഹായത്തിനുള്ള പ്രത്യേക സംഘത്തിലെ അംഗങ്ങള്‍. കേസില്‍ പ്രധാന പ്രതിയായ ജോളിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.