കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അൻവർ എംഎൽഎയുടെ പാർക്കിലെ തടയണ പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചതായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. പാർക്കിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാവാത്ത സാഹചര്യത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാർക്കിൽ പരിശോധന നടത്തിയിരുന്നു.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തടയണ പൊളിച്ചു നീക്കാന്‍ ഉടമകള്‍ക്ക് ഒരു മാസമാണ് ജില്ലാ കലക്‌ടര്‍ സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധി വ്യാഴാഴ്‌ചയോടെ അവസാനിച്ചെങ്കിലും ഉടമകള്‍ തടയണ പൊളിച്ചുനീക്കിയില്ല. ഇതിനെ തുടർന്നാണ് തടയണ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചത്. പൊളിച്ചുമാറ്റിയതിൻ്റെ തുക ഉടമകളിൽ നിന്ന് ഈടാക്കുമെന്നും പാർക്ക് സന്ദർശിച്ചതിൻ്റെ റിപ്പോർട്ട് ജില്ല കലക്‌ടർക്ക് സമർപ്പിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതിക്ക് തടയണ പൊളിച്ചുമാറ്റാൻ തുക വകയിരുത്താൻ സാധിക്കില്ലെന്നും ഉചിതമായ നടപടി ഭരണസമിതി യോഗം ചേർന്ന് സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് തോമസ് അറിയിച്ചു.
ALSO READ:മുട്ടിൽ മരംമുറി; വകുപ്പ് മേധാവിയുടെ ഉത്തരവ് റദ്ദ് ചെയ്ത് മന്ത്രി
നിലവിൽ മൂന്ന് തടയണകളാണ് പൊളിച്ചുമാറ്റാനായി ഇവിടെ ഉള്ളത്. ഇവയിൽ വെള്ള ശേഖരമില്ലന്നും സംഘം പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്. സ്വാഭാവിക നീരൊഴുക്ക് തടയുന്നുവെന്ന് കണ്ടെത്തിയാണ് പാര്‍ക്കിലെ തടയണ പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടത്.
അതേസമയം ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കുന്നതിനും മറ്റു നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതിനും കാലതാമസം ഉണ്ടാകുമെന്നതിനാൽ തടയണ പൊളിക്കാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് അധികൃതർ.