കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വാശിയേറിയ ഗ്രൂപ്പ് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 336 പോയിന്‍റുമായി ആതിഥേയരായ കോഴിക്കോട് മുന്‍പില്‍. 334 പോയിന്‍റുമായി കണ്ണൂര്‍ രണ്ടാമതും കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ പാലക്കാട് 325 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്.
എണ്ണം | ജില്ല | പോയിന്റ് |
1 | കോഴിക്കോട് | 336 |
2 | കണ്ണൂര്‍ | 334 |
3 | പാലക്കാട് | 325 |
4 | തൃശൂര്‍ | 321 |
5 | മലപ്പുറം | 315 |
യഥാക്രമം 321, 315 പോയിന്‍റുകളുമായി തൃശൂര്‍, മലപ്പുറം എന്നീ ജില്ലകള്‍ നാലും അഞ്ചും സ്ഥാനത്താണുള്ളത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 പരിപാടികളില്‍ 34 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗം 105ല്‍ 38, ഹൈസ്‌കൂള്‍ അറബിക്ക് 19 ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം 19 ല്‍ അഞ്ച് എന്നിങ്ങനെയാണ് പൂര്‍ത്തിയായ പരിപാടികളുടെ കണക്ക്.
വിഭാഗം | ആകെ പരിപാടികള്‍ | നടന്ന പരിപാടികള്‍ |
എച്ച്എസ് ജനറല്‍ | 96 | 34 |
എച്ച്എസ്എസ് ജനറല്‍ | 105 | 38 |
എച്ച്എസ് അറബിക് | 19 | 6 |
എച്ച്എസ് സംസ്‌കൃതം | 19 | 5 |
നാടോടി നൃത്തം, ഒപ്പന, നാടകം തുടങ്ങിയ 60 ഗ്രൂപ്പ് ഇനങ്ങളാണ് വിവിധ വേദികളിലായി ഇന്ന് നടക്കുന്നത്. രാത്രി 10 മണിക്ക് മുന്‍പ് പരിപാടികള്‍ തീര്‍ക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമുണ്ട്. കൂടുതല്‍ ഗ്രൂപ്പ് ഇന മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കലോത്സവത്തില്‍ ആര് ചാമ്പ്യന്‍മാരാകാന്‍ സാധ്യതയെന്ന ഏകദേശം ചിത്രം കൂടെ ഇന്ന് ലഭിച്ചേക്കും.