കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ വീണ്ടും പ്രക്ഷോഭം തുടരുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജികൾ നാല് ആഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന ഉത്തരവ് വന്നതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നാല് ആഴ്ച്ചക്കാലം എല്ലാവരും യോജിച്ച് നിന്ന് പ്രക്ഷോഭം നടത്തിയാലേ സമരം ഫലപ്രദമാവുകയുള്ളൂവെന്നും ഭിന്നിച്ച് നിന്ന് സമരം നയിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ഹർജി എന്ന് പരിഗണിച്ചാലും അതിലെ ആവിശ്യത്തിൽ മാറ്റമുണ്ടാവില്ല. ഭരണഘടനയെ നശിപ്പിക്കുന്ന നിയമമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാവരും ഹർജി ഫയൽ ചെയ്തിട്ടുള്ളത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിയമത്തിന് സുപ്രീം കോടതി കൂട്ട് നിൽക്കില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കാന്തപുരം പറഞ്ഞു.