കോഴിക്കോട്: ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) ഇന്ത്യയ്‌ക്കായി 1500 മീറ്റര്‍ ഓട്ടത്തില്‍ ജിന്‍സണ്‍ ജോൺസൺ (Jinson Johnson) വെങ്കല മെഡല്‍ സ്വന്തമാക്കിയപ്പോള്‍ ആരവങ്ങള്‍ ഉയര്‍ന്നത് മത്സരവേദിയില്‍ നിന്നും ഏകദേശം 9,000 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയെന്ന ഗ്രാമത്തിലാണ്. കാരണം അവിടെ നിന്നായിരുന്നു ജിന്‍സണ്‍ ലോകത്തെ കീഴടക്കാനുള്ള കുതിപ്പ് തുടങ്ങിയത്. ചക്കിട്ടപ്പാറയിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ജിന്‍സണ്‍ ജനിച്ചത്.
ചെളി നിറഞ്ഞ ട്രാക്കുകളിലൂടെ ഓടിയായിരുന്നു ജിന്‍സണ്‍ ആദ്യകാലത്ത് പരിശീലനം നടത്തിയിരുന്നത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വിഭാഗങ്ങളോടായിരുന്നു ആദ്യ കാലം മുതല്‍ക്കുതന്നെ ജിന്‍സണ് കമ്പം. ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ തനിക്ക് മികവുകാട്ടാന്‍ സാധിക്കുമെന്ന് മനസിലാക്കിയതോടെ അതിനായി പിന്നീടുള്ള പരിശീലനം.
അങ്ങനെ 800, 1500 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ രാജ്യത്തെയും പ്രതിനിധീകരിക്കാന്‍ ജിന്‍സണ് അവസരം ലഭിച്ചു. ഇരുവിഭാഗങ്ങളിലും ഇന്ത്യയുടെ ദേശീയ റെക്കോഡ് ജിന്‍സണിന്‍റെ പേരിലാണ്. 2016ലെ സമ്മര്‍ ഒളിമ്പിക്‌സിലും പിന്നീട് ഏഷ്യന്‍ ഗെയിംസിലും ജിന്‍സണ്‍ ഇന്ത്യയ്‌ക്ക് വേണ്ടി ട്രാക്കിലിറങ്ങി.
2018ല്‍ ജക്കാർത്തയില്‍ നടന്ന ഏഷ്യൻ ഗെയിംസിൽ 800 മീറ്ററില്‍ വെള്ളി നേടിയ താരം 1500 മീറ്ററില്‍ സ്വര്‍ണവും ഇന്ത്യയ്‌ക്കായി നേടി. ഇതിന് പിന്നാലെയാണ് ഹാങ്‌ചോയില്‍ ഇപ്പോള്‍ ജിന്‍സണ്‍ വെങ്കലം സ്വന്തമാക്കിയിരിക്കുന്നത്. 1500 മീറ്റര്‍ ഓട്ടത്തിലാണ് ജിന്‍സണിന്‍റെ നേട്ടം. മൂന്ന് മിനിട്ട് 39.47 സെക്കന്‍ഡിലായിരുന്നു മലയാളിയായ താരം ഏഷ്യന്‍ ഗെയിംസില്‍ ഫിനിഷ് ചെയ്‌തത്.
ഏഷ്യന്‍ ഗെയിംസിന്‍റെ എട്ടാം ദിനത്തില്‍ മലയാളിയായ എം ശ്രീശങ്കറും ഇന്ത്യയ്‌ക്ക് വേണ്ടി മെഡല്‍ നേടിയിരുന്നു. ലോങ് ജംപില്‍ ഇന്ത്യയ്‌ക്ക് വേണ്ടി വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയത്. പാലക്കാട്ടുകാരനായ ശ്രീശങ്കര്‍ ഹാങ്‌ചോയില്‍ 8.19 മീറ്റര്‍ ദൂരം ചാടിയാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ ശ്രീശങ്കറിന്‍റെ ആദ്യ ശ്രമം ഫൗളിലാണ് കലാശിച്ചത്. പിന്നീട് രണ്ടാമത്തെയും മൂന്നാമത്തെയും ചാട്ടങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ താരത്തിനായി. നാലാമത്തെ ചാട്ടത്തിലായിരുന്നു ശ്രീശങ്കര്‍ വെള്ളിയിലേക്ക് എത്തിയത്.
താരത്തിന്‍റെ അഞ്ചാം ശ്രമവും ഫൗളായി. അവസാന ശ്രമത്തില്‍ 8.19 മീറ്റര്‍ ദൂരം മെച്ചപ്പെടുത്താന്‍ താരത്തിന് സാധിച്ചില്ല. മൂന്ന് സെന്‍റീമീറ്റര്‍ വ്യത്യാസത്തില്‍ ചൈനയുടെ വാങ് ജിയാനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 8.22 മീറ്റര്‍ ചാടിയായിരുന്നു ചൈനീസ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്.