കോഴിക്കോട്: കൊവിഡ് മൂലം സഞ്ചാരികളെ വിലക്കിയ കോഴിക്കോട് ബീച്ച് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുറക്കുമ്പോൾ വസന്തത്തിന്‍റെ പൂക്കടൽ തീര്‍ത്തിരിക്കുകയാണ് കടല്‍ക്കുറിഞ്ഞികൾ. മണല്‍പ്പരപ്പുകളില്‍ ഉപ്പുരസം പരന്നതോടെ കിലോമീറ്ററുകളാണ് അടമ്പ് എന്ന അറിയപ്പെടുന്ന കടല്‍ക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നത്.
ആരെയും ആകര്‍ഷിക്കും വിധം പടര്‍ന്നുപന്തലിച്ച് നില്‍ക്കുകയാണവ. മണലിനിടയില്‍ കെട്ടുപിണഞ്ഞ് വള്ളിച്ചെടികൾക്കിടയിൽ പൂത്ത് നിൽകുന്ന വയലറ്റ് പൂക്കള്‍ അതിമനോഹരമായ ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്. രണ്ടോ മൂന്നോ ദിവസമാണ് വിടർന്ന പൂക്കളുടെ ആയുസ്. പാവങ്ങളുടെ നീലക്കുറിഞ്ഞി എന്നറിയപ്പെടുന്ന കടൽ കുറിഞ്ഞികളുടെ ശാസ്‌ത്രനാമം ഐപ്പോമിയ ബലോമിയ എന്നാണ്.
തീരങ്ങളില്‍ മാലിന്യം നിറഞ്ഞതോടെ പലയിടങ്ങളില്‍ നിന്നും ഈ കുറിഞ്ഞി പൂക്കൾ അപ്രത്യക്ഷമായിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ സഞ്ചാരികളുടെ സാന്നിധ്യവും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും ഇല്ലാതായതോടെ വീണ്ടും തിരിച്ചുവരികയാണ് കടല്‍ക്കുറിഞ്ഞികൾ.