കോഴിക്കോട് : മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്‌തതക്കെതിരെ പ്രതിഷേധിച്ചവരെ കൊയിലാണ്ടി എസ് ഐ കൈയ്യാമം വച്ച് പൊതുജനങ്ങൾക്കിടയിലൂടെ നടത്തി അപമാനിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. വിഷയത്തിൽ കോഴിക്കോട് ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. കമ്മിഷൻ ആക്‌ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് ഉത്തരവിട്ടിട്ടുള്ളത്. തുടർന്ന് ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കാഴ്‌ച പരിമിതി അറിയിച്ചിട്ടും വലിച്ചിഴച്ചു : കൊയിലാണ്ടി എസ്. ഐ. അനീഷിനെതിരായാണ് ആരോപണം. അതേസമയം, വിദ്യാർഥിയായ ഫസീഹ് മുഹമ്മദ് കാഴ്‌ച പരിമിതനാണെന്ന് പൊലീസുകാരനോട് പറഞ്ഞിട്ടും തങ്ങളെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങ് അണിയിച്ചതായി അഡ്വ. ടി.ടി. മുഹമ്മദ് അഫ്രിൻ പരാതിയിൽ പറയുന്നു. തുടർന്ന് ഫസീഹിന് തലകറക്കമുണ്ടായെങ്കിലും ചികിത്സ നിഷേധിച്ചു. കേട്ടാൽ അറയ്‌ക്കുന്ന തെറി വിളിക്കുകയും കൊടും കുറ്റവാളികളെപ്പോലെ വിലങ്ങണിയിച്ച് റോഡിലൂടെ നടത്തുകയും ചെയ്‌തെന്നും പരാതിയിൽ പരാമര്‍ശിക്കുന്നുണ്ട്.
പരാതിക്കാസ്‌പദമായ സംഭവം : ജൂൺ 25 ന് ഉച്ചയ്ക്കാണ് പരാതിയ്ക്കാസ്‌പദമായ സംഭവം നടന്നത്. പ്ലസ് ടു സീറ്റ് വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ എം എസ് എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കൊയിലാണ്ടിയില്‍ പൊതു പരിപാടിക്കായി മന്ത്രിയെത്തുന്നതിന്‍റെ തൊട്ടുമുമ്പാണ് റോഡരികില്‍വച്ച് എം എസ് എഫ് ക്യാമ്പസ് വിങ് ജില്ല കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറിയും എൽ.എൽ.ബി. പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയുമായ ഫസീഹ് എന്നിവരെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെ സ്റ്റേഷനിലെത്തിച്ച ഇവരെ കൈവിലങ്ങ് വച്ചാണ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയത്.
വിലങ്ങണിയിച്ചത് മുൻകരുതലിനായെന്ന് പൊലീസ് : ഇവര്‍ക്കുപുറമെ മന്ത്രിയെ കരിങ്കൊടി കാണിച്ച നാല് എം എസ് എഫ് പ്രവര്‍ത്തകരേയും പൊലീസ് അന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആറ് പേരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാൽ ഡോക്‌ടർമാർക്കെതിരെയുള്ള ആക്രമണം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുൻകരുതലായി വിലങ്ങ് അണിയിച്ചത് എന്നാണ് സംഭവത്തിൽ പൊലീസ് വിശദീകരണം.
also read : 'പിണറായി വിജയന്‍റെ പൊലീസ് കൂലിപ്പട്ടാളമായി മാറി'; രൂക്ഷ വിമര്‍ശനവുമായി എം കെ മുനീർ
രൂക്ഷ വിമർശനവുമായി എം കെ മുനീര്‍ : എം എസ് എഫ് പ്രവർത്തകരെ വിലങ്ങണിയിച്ചതിനെ മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ രൂക്ഷമായി തന്നെ വിമർശിച്ചിരുന്നു. കൊയിലാണ്ടിയിൽ നടന്നത് കടുത്ത അനീതിയാണന്നും ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട വിഷയമാണിതെന്നും പിണറായി വിജയന്‍റെ പൊലീസ് കൂലിപ്പട്ടാളമായി മാറിയെന്നുമാണ് മുനീർ പ്രതികരിച്ചത്.