കോഴിക്കോട്: ഹോട്ടലുകളിൽ പാകം ചെയ്യാനെത്തിച്ചതെന്ന് കരുതുന്ന പഴകിയ കോഴിയിറച്ചി പിടികൂടി . കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് ഇറച്ചി പിടികൂടിയത് . മംഗള-നിസാമുദീൻ എക്പ്രസ് ട്രെയ്നിൽ 10 തെർമോക്കോൾ പെട്ടികളിലായാണ് 608 കിലോ കോഴി ഇറച്ചി കോഴിക്കോട്ടെത്തിച്ചത്. ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസന്‍റെ നേതൃത്വത്തിലാണ് ഇവ പിടിച്ചെടുത്തത്.
ഷവർമയുണ്ടാക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത നെഞ്ചിന്റെ ഭാഗമാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. പ്രാഥമിക പരിശോധനയിൽ തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. കൃത്യമായ ഫ്രീസർ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തെർമോക്കോൾ പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെത്തിയത്. ഡൽഹിയിൽ നിന്നാണ് ഇവ അയച്ചതെന്ന് രേഖകളിൽ നിന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. എന്നാൽ ഇവ ആർക്കാണ് അയച്ചതെന്ന് വ്യക്തമല്ല.