കോഴിക്കോട്: രാജസ്ഥാനില്‍ നിന്നും കേരളത്തിലേക്ക് 12 പെണ്‍കുട്ടികളെ കടത്തിയ സംഭവത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്‌ച (26.07.2022)യാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് നടന്നത്. പെരുമ്പാവൂർ പുല്ലുവഴിയിലെ കരുണാഭവന്‍റെ ഡയറക്‌ടർ ജേക്കബ് വർഗീസ്, ഇടനിലക്കാരും രാജസ്ഥാൻ സ്വദേശികളുമായ ലോകേഷ് കുമാർ, ശ്യാംലാൽ എന്നിവരാണ് അറസ്റ്റിലായവർ.
പ്രതികൾ നേരത്തെയും വിദ്യാഭ്യാസത്തിന് എന്ന പേരിൽ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. കൂടുതൽ ഇടനിലക്കാർ ഉണ്ടാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
ഓക്ക എക്‌സ്‌പ്രസില്‍ കടത്തുകയായിരുന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും (സിഡബ്ല്യുസി), റെയില്‍വേ പൊലീസും ചേര്‍ന്നാണ് രക്ഷിച്ചത്. പെരുമ്പാവൂരിലെ കരുണാഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിലേക്കാണ് മതിയായ രേഖകളോ അനുമതിയോ ഇല്ലാതെ കുട്ടികളെ എത്തിച്ചത്. ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത് ആവശ്യമായ രേഖകള്‍ ഇല്ലാതെയാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് ഇവര്‍ക്കുള്ള അനുമതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കുട്ടികളെ റെയില്‍വേ പൊലീസ് സിഡബ്ല്യുസിക്ക് കൈമാറി. കേസില്‍ അന്വേഷണം ആരംഭിച്ചു.
അനധികൃതമായി പ്രവർത്തിക്കുന്ന കരുണാഭവന്‍റെ പ്രവർത്തനങ്ങളെല്ലാം നിഗൂഢമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയ 12 പെൺകുട്ടികളുടെ കൗൺസിലിങ്ങിനായി വെള്ളിമാടുകുന്നുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേക്ക് മാറ്റി. ചില കുട്ടികളുടെ രക്ഷിതാക്കൾ കേരളത്തിലെത്തിയിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരുടെ മേൽനോട്ടത്തിൽ മാത്രമേ കുട്ടികളെ തിരികെ അയക്കുകയുള്ളു.
ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കർശന മാർഗ നിർദേശങ്ങൾ പാലിച്ചു മാത്രമെ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാവു എന്നാണ് നിയമം.
അതിനിടെ കുട്ടിക്കടത്ത് കേസിൽ അറസ്റ്റിലായവർ മുൻപും നിയമവിരുദ്ധമായി കുട്ടികളെ കൊണ്ടുവന്നിട്ടുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് ശിശുക്ഷേമ സമിതിയുടെയും തീരുമാനം.
ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം 40,000 കുട്ടികളെ രാജ്യത്ത് പ്രതിവര്‍ഷം കാണാതാകുന്നതായാണ് കണക്ക്. ഇതില്‍ 11,000 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ മനുഷ്യ കടത്തില്‍ 90 ശതമാനവും അന്തര്‍സംസ്ഥാന കടത്താണ്. 10 ശതമാനം വിദേശത്തേക്കും കടത്തുന്നതായാണ് കണക്ക്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ കടത്തപ്പെടുന്ന നഗരങ്ങള്‍ മുംബൈയും കൊല്‍ക്കത്തയുമാണ്.