കോഴിക്കോട്: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് അധ്യാപികയായ സ്മിനയുടെ സഹപാഠികളുടെ കൈത്താങ്ങ് . തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മൽ ഗവൺമെന്‍റ് എൽ പി സ്കൂളിലെ അധ്യാപികയുടെ സഹപാഠികളാണ് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന രണ്ട് വിദ്യാർഥികൾക്ക് സ്നേഹ സമ്മാനമായി മൊബൈൽ ഫോൺ വാങ്ങി നൽകിയത്.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ 2000- 05 ബാച്ചുകളിലെ പൂർവ വിദ്യാർഥികളാണിവർ. തൊണ്ടിമ്മൽ സ്കൂളിലെ അധ്യാപികയായ സ്മിന തന്‍റെ സ്കൂളിലെ വിദ്യാർത്ഥികളുടെ അവസ്ഥ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടതോടെയാണ് സുഹൃത്തുക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് അറിയിച്ചത്. തുടർന്ന് അധ്യാപികയുടെ സഹപാഠികളായിരുന്ന ശ്രീരേഖ , ഹസീന എന്നിവർ ഫോൺ സ്കൂളിലെത്തിക്കുകയായിരുന്നു.
Also read: കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
തൊണ്ടിമുതൽ ഗവൺമെന്‍റ് എൽ പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന മൂന്ന് കുട്ടികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരുടെ പ്രശ്നത്തിന് പരിഹാരമായി ഇനിയുള്ള ഒരു കുട്ടിയുടെ കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്പോൺസർമാർ ഉണ്ടെങ്കിൽ മൊബൈൽഫോൺ സ്വീകരിക്കുമെന്നും അധ്യാപകർ അറിയിച്ചു.
വാർഡ് മെമ്പർ ആറാം പുറത്ത് ബീന ഫോണുകൾ ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്‍റ് സുരേഷ് കൂളിപ്പാറ, വാർഡ് മെമ്പർ ആറാം പുറത്ത് ബീന, ചെയർപേഴ്സൻ സ്വപ്ന, സീനിയർ അസിസ്റ്റന്‍റ് അഹമ്മദ് ഷാഫി, ചെയർമാൻ ജയപ്രസാദ് , കെ.ആർ ഗോപാലൻ , സ്മിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.