കോഴിക്കോട് : സംസ്ഥാനത്ത് ഫുഡ് സ്‌ട്രീറ്റ് പദ്ധതിക്ക് തുടക്കത്തിലേ എതിപ്പുമായി വ്യാപാര സംഘടനയും തൊഴിലാളി യൂണിയനും. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ വിഭാവനം ചെയ്‌ത പദ്ധതിയാണ് ഫുഡ് സ്ട്രീറ്റ്. ആദ്യ സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയിലായിരിക്കുമെന്നും പിന്നീട് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നുമാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ പദ്ധതി നടപ്പിലായാല്‍ ഭാവിയിൽ കടകളുടെ വാടക കൂടുമെന്നും തൊഴിലവസരം കുറയുമെന്നും ചൂണ്ടിക്കാട്ടി വ്യാപാരി സംഘടനകളും സിഐടിയുവും രംഗത്തെത്തി. പദ്ധതി ചർച്ച ചെയ്യാൻ കോഴിക്കോട് ജില്ല കലക്‌ടർ വിളിച്ച് ചേർത്ത യോഗത്തിലാണ് എതിർപ്പുയർന്നത്. വലിയങ്ങാടിയെ തകർക്കുന്നതാകും ഫുഡ് സ്ട്രീറ്റ് പദ്ധതി എന്നും നേതാക്കള്‍ ആരോപിച്ചു.
ഫുഡ് സ്ട്രീറ്റ് പദ്ധതിക്കെതിരെ വലിയങ്ങാടിയിലെ തൊഴിലാളി സംഘടനകൾ സംയുക്തമായി ചൊവ്വാഴ്‌ച (04.12.21) പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കണം എന്നാണ് മിഷ്‌കാൽ റസിഡൻ്റ്സ് ആൻഡ് വെൽഫെയർ അസോസിയേഷനും ആവശ്യപ്പെടുന്നത്.
സര്‍ക്കാരിന്‍റെ ഫുഡ് സ്ട്രീറ്റ് പദ്ധതി
തിരക്കേറിയ വാണിജ്യമേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്ക് ശേഷം വൈവിധ്യമാര്‍ന്ന ഭക്ഷണം ഒരുക്കുന്നതാണ് പദ്ധതി. ഓരോ സ്ഥലത്തേയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും പദ്ധതി. രാത്രി ഏഴ് മണി മുതല്‍ 12 മണി വരെ ഈ സ്ട്രീറ്റുകള്‍ പ്രവർത്തിക്കും. ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട് വലിയങ്ങാടിയിലാണ്.
Also read: സംസ്ഥാനത്ത് മൂന്ന് മിനി ഫുഡ് പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്
ഓരോ പ്രദേശത്തേയും തനത് ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ഫുഡ് സ്ട്രീറ്റുകള്‍. പദ്ധതി തുടങ്ങാനായി പ്രത്യേക സമിതി രൂപീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. എല്ലാ മേഖലയിലുള്ളവരുടേയും അഭിപ്രായങ്ങള്‍ തേടി. അതുകൂടി പരിഗണിച്ചാവും ഫുഡ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
വരുന്ന മധ്യവേനല്‍ അവധിക്കാലത്ത് ഫുഡ് സ്‌ട്രീറ്റിന്‍റെ പ്രവര്‍ത്തനം കോഴിക്കോട് തുടങ്ങാനാണ് തീരുമാനം. അടുത്ത ഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം അടക്കം കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് ഫുഡ് സ്ട്രീറ്റ് പദ്ധതി വ്യാപിപ്പിക്കുമെന്നുമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.