കോഴിക്കോട്: മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് പുതിയ ട്രെയിനിങ് സെന്‍റർ തുടങ്ങുന്നു. നബാർഡിന്‍റെ സഹായത്തോടെയാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. മേഖലയിലെ തൊഴിലാളികളെയും സ്ത്രീകളെയും മത്സ്യ കർഷകരെയും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ട്രെയിനിങ് സെന്‍ററിൽ നൂതന മീൻപിടിത്ത രീതികൾ തൊഴിലാളികൾക്ക് പകർന്ന് നൽകും.
മീൻ പിടിക്കുന്നതിനുള്ള ആധുനിക സംവിധാനം തൊഴിലാളികൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യ സുരക്ഷാ ബോധവൽക്കരണവും പരിശീലന കേന്ദ്രത്തിൽ ഉൾപ്പെടുത്തും. മലബാറിലെ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കായി ആരംഭിക്കുന്ന പരിശീലന കേന്ദ്രം ഈ മാസം 25ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. പരിശീലന കേന്ദ്രം മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.